ഹോട്ടൽ മാലിന്യം തള്ളിയ ടാങ്കർ ലോറി പിടികൂടി

കൂത്തുപറമ്പ്: റോഡരികിൽ ഹോട്ടൽ മാലിന്യം തള്ളിയ മിനി ടാങ്കർ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ടംകുന്ന് പീറ്റക്കണ്ടി പാലത്തിന് സമീപത്തു നിന്നാണ് മിനി ടാങ്കർ ലോറി കസ്റ്റഡിയിലെടുത്തത്.ചൊവ്വാഴ്ച രാത്രി പൊലീസ് പെട്രോളിംഗിനിടെയാണ് ലോറി നിർത്തിയിട്ട നിലയിൽ കണ്ടെത്തിയത്. തുടർന്നുള്ള പരിശോധനയിലാണ് സമീപത്ത് ഹോട്ടൽ മാലിന്യം തള്ളിയത് ശ്രദ്ധയിൽ പെട്ടത്.
വാഹനത്തിലുള്ളവരെ പൊലീസ് ചോദ്യം ചെയ്തപ്പോൾ മാലിന്യം തള്ളിയതാണെന്ന് സമ്മതിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ചെറുവഞ്ചേരി സ്വദേശി കാഞ്ഞിരത്തുങ്കൽ കെ. ഋത്വിക്, പള്ളിക്കുന്ന് പാറത്തറയിൽ മുഹമ്മദ് ദലാൽ എന്നിവരെ കൂത്തുപറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. അടുത്തകാലത്തായി ഈ ഭാഗത്ത് വ്യാപകമായി മാലിന്യങ്ങൾ തള്ളുന്നതായി പരാതി ഉയർന്നിരുന്നു. കൂത്തുപറമ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.