സ്റ്റാൻലിയുടെ കൈവശ ഭൂമിയിലാണ് വനം വകുപ്പ് ജണ്ട സ്ഥാപിച്ചതെന്ന് പ്രാഥമിക നിഗമനം

പേരാവൂർ:കുരങ്ങ് ശല്യം രൂക്ഷമായിതിനെ തുടർന്ന് മരത്തിൽ കയറി പ്രതിഷേധിച്ച ഏലപ്പീടിക വെള്ളക്കല്ലുങ്കൽ സ്റ്റാൻലിയുടെ കൈവശ ഭൂമിയിലാണ് വനം വകുപ്പ് ജണ്ട സ്ഥാപിച്ചതെന്ന് പ്രാഥമിക നിഗമനം. ഇരിട്ടി ഭൂരേഖാ വിഭാഗം തഹസിൽദാർ എം. ലക്ഷ്മണന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് വനം വകുപ്പ് കയ്യേറ്റം നടത്തിയതായി പ്രാഥമിക നിഗമനത്തിൽ എത്തിയത്.തന്റെ കൈവശ ഭൂമി കൈയ്യേറിയാണ് വനം വകുപ്പിന്റെ ജണ്ട സ്ഥാപിച്ചതെന്ന് കാണിച്ച് സ്റ്റാൻലി മുൻപ് തന്നെ പരാതികൾ നൽകിയിരുന്നു. എന്നാൽ ഈ പരാതികളിൽ നടപടി ഉണ്ടായില്ല.
സ്റ്റാൻലിയുടെ വീടിനുള്ളിൽ കയറി കുരങ്ങുകൾ നാശനഷ്ടം വരുത്തുന്നത് പതിവായതോടെ മരത്തിൽ കയറി പ്രതിഷേധിച്ചിരുന്നു. ഈ പ്രതിഷേധത്തെ തുടർന്ന് വനം വകുപ്പും ജില്ലാ കലക്ടറും നൽകിയ ഉറപ്പുകൾ പരിഗണിച്ച് ഇരിട്ടി ഭൂരേഖാ വിഭാഗം തഹസിൽദാർ എം ലക്ഷ്മണൻ സ്ഥലത്ത് വന്ന് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് വനം വകുപ്പ് കയ്യേറ്റം നടത്തിയതായി പ്രാഥമിക നിഗമനത്തിൽ എത്തിയത്. വനം വകുപ്പ് സ്ഥാപിച്ച ജണ്ടകൾ കൃഷി ചെയ്യുന്ന തെളിഞ്ഞ പ്രദേശത്താണ് ഉള്ളത്.
മൂന്ന് മീറ്റർ മുതൽ 10 മീറ്റർ വരെ തെളിഞ്ഞ പ്രദേശത്ത് ജണ്ടകൾ കണ്ടെത്തിയ സാഹചര്യത്തിൽ വിശദമായ പരിശോധന ആവശ്യമാണെന്നും ഭൂരേഖ വിഭാഗം ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകും തുടർന്ന് വനം വകുപ്പിന്റെയും താലൂക്കിന്റെയും സർവേയർമാർ സംയുക്തമായി സ്ഥലം അളന്ന് തിട്ടപ്പെടുത്തി അതിർത്തി നിശ്ചയിക്കും.വനം വകുപ്പ് കൈവശപ്പെടുത്തി എന്ന് പറയപ്പെടുന്ന സ്ഥലത്തുള്ള മരത്തിന്റെ ചില്ല പൊട്ടി വീണ് സ്റ്റാൻലിയുടെ വീടിന് കേടുപാട് സംഭവിച്ചിട്ടും മരം മുറിച്ചു മാറ്റാൻ വനം വകുപ്പ് തയാറായില്ലെന്നും ഇത് സംബന്ധിച്ച് നിരവധി പരാതികൾ നൽകി എങ്കിലും നടപടി ഒന്നും ഉണ്ടായില്ല എന്ന് സ്റ്റാൻലി ആരോപിച്ചിരുന്നു.റവന്യു വകുപ്പിന്റെ രേഖകൾ പ്രകാരം സ്റ്റാൻലിയുടെ കൈവശ ഭൂമിയിലാണ് ജണ്ട ഉള്ളത്. 2012 ൽ സ്റ്റാൻലി സ്ഥലത്ത് ഇല്ലാതിരുന്ന സമയത്താണ് വനം വകുപ്പ് ജണ്ട സ്ഥാപിച്ചത്. 35 സെന്റോളം സ്ഥലം വനം വകുപ്പ് കയ്യേറി എടുത്തു എന്നാണ് സ്റ്റാൻലിയുടെ ആരോപണം.