ലോകത്തെ വലയ്ക്കുന്ന അടുത്ത പകര്‍ച്ച വ്യാധി വരിക ഉരുകുന്ന മഞ്ഞില്‍ നിന്നെന്ന് പഠനം

Share our post

അടുത്ത പകര്‍ച്ച വ്യാധി ഉണ്ടാവാന്‍ പോകുന്നത് വവ്വാലുകളില്‍ നിന്നോ പക്ഷികളില്‍ നിന്നോ അല്ല പകരം മഞ്ഞ് ഉരുകുന്നതില്‍ നിന്നാകുമെന്ന് പഠനം.
ആര്‍ട്ടിക്കിലെ ശുദ്ധജല തടാകമായ ഹേസനില്‍ നിന്നുള്ള മണ്ണിന്റെയും എക്കലിന്‍റേയും ജനിതക വിശകലനത്തിന്‍റെ അടിസ്ഥാനത്തിലാണ് പഠന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. ഹിമാനികള്‍ ഉരുകുന്നതിന് അടുത്തായിരിക്കാം അടുത്ത പകര്‍ച്ച വ്യാധികള്‍ പൊട്ടിപ്പുറപ്പെടുക. ഈ മേഖലകളില്‍ വലിയ രീതിയിലാണ് വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്.
ആഗോള താപനം മൂലം കാലവസ്ഥയിലുണ്ടാകുന്ന മാറ്റം ഹിമാനികളില്‍ കുടുങ്ങിയിട്ടുള്ള വൈറസുകളെ സ്വതന്ത്രമാക്കും. ഇത് വന്യജീവികളേയും പിന്നീട് മനുഷ്യരേയും സാരമായി ബാധിക്കുമെന്ന് പഠനം പറയുന്നു. വടക്കന്‍ സൈബീരിയയില്‍ 2016ല്‍ ആന്ത്രാക്സ് പൊട്ടിപ്പുറപ്പെട്ടതിന് സമാനമായിരിക്കും ഇതെന്നും പഠനം വിശദമാക്കുന്നു. ഉഷ്ണ തരംഗത്തില്‍ മഞ്ഞ് ഒരുകുകയും. മഞ്ഞിനടിയിലെ എക്കലില്‍ റെയിന്‍ ഡിയറിന്‍റെ മൃതദേഹം കണ്ടെത്തുകയും ചെയ്തിരുന്നു. ഇതില്‍ നിന്നും പുറത്ത് വന്ന വൈറസ് ഒരു കുഞ്ഞിന്‍റെ ജീവനെടുക്കുകയും ഏഴുപേരെ ഗുരുതരാവസ്ഥയിലാക്കുകയും ചെയ്തിരുന്നു. ഇതിന് മുന്‍പ് 1941ലും സമാനമായ സംഭവം ഈ മേഖലയിലുണ്ടായിട്ടുണ്ട്.
നിലവില്‍ ശീതീകരിച്ച നിലയിലുള്ള വൈറസുകള്‍ ഉണ്ടാക്കുന്ന അപകട സാധ്യത മനസിലാക്കാന്‍ ഒട്ടാവ സര്‍വകലാശാലയിലെ ഡോ സ്റ്റെഫാനി ആരിസ് ബ്രോസോയാണ് പഠനത്തിന് ആവശ്യമായ സാംപിളുകള്‍ ഹിമാനികളില്‍ നിന്ന് ശേഖരിച്ചത്. ഈ സാമ്ബിളുകളില്‍ ആര്‍എന്‍എയും ഡിഎന്‍എയും ക്രമീകരിച്ച്‌ നടന്ന പരിശോധനയില്‍ വ്യാപകമായി അറിയപ്പെടുന്ന പല വൈറസുകളുമായി പൊരുത്തം കണ്ടെത്തിയിരുന്നു. റോയല്‍ സൊസൈറ്റി ബിയിലാണ് ഇത് സംബന്ധിയായ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കണ്ടെത്തിയ വൈറസുകളില്‍ വലിയൊരു പങ്കും അജ്ഞാതമായവ ആണെന്നും പഠനം വിശദമാക്കുന്നു. ഈ വൈറസുകള്‍ക്ക് സൃഷ്ടിക്കാന്‍ സാധിക്കുന്ന അണുബാധകളേക്കുറിച്ചും പഠനം പുരോഗമിക്കുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!