പോക്സോ കേസിൽ വൃദ്ധൻ അറസ്റ്റിൽ

ആലക്കോട്: ഉത്തരേന്ത്യൻ സ്വദേശിനിയായ 10 വയസുകാരിയെ കടയ്ക്കുള്ളിൽ വച്ച് പീഡിപ്പിച്ചെന്ന കേസിൽ വ്യാപാരിയായ വൃദ്ധൻ അറസ്റ്റിൽ. കരുവൻചാലിനടുത്ത് കച്ചവടം നടത്തുന്ന മീമ്പറ്റിയിലെ ചേലനിരപ്പേൽ ജോയി (77 ) യെയാണ് ആലക്കോട് എസ്.എച്ച്.ഒ വിനീഷ് കുമാർ എം.പി, എസ്.ഐ കെ. ഷറഫുദ്ദീൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചതായി ചോദ്യം ചെയ്യലിൽ പൊലീസിനോട് സമ്മതിച്ചു.
കഴിഞ്ഞ ദിവസം വൃദ്ധന്റെ അസ്വാഭാവികമായ പെരുമാറ്റങ്ങൾ കണ്ട് തൊട്ടടുത്തുള്ള ഹോട്ടലിൽ ഇരുന്നയാൾ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുകയും നാട്ടുകാരോട് വിവരം പറയുകയുമായിരുന്നു. വിവരമറിഞ്ഞ് ചൈൽഡ് ലൈൻ പ്രവർത്തകർ പെൺകുട്ടിയുടെ അടുക്കലെത്തി വിവരങ്ങൾ ചോദിച്ചറിയുകയും വിവരം പൊലീസിലറിയിക്കുകയും ചെയ്തു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.