കേരള സ്‌കൂൾ ഗെയിംസ്: രണ്ടാംഘട്ട മത്സരങ്ങൾക്ക് കണ്ണൂരിൽ തുടക്കം

കണ്ണൂർ: കേരള സ്‌കൂൾ ഗെയിംസ് രണ്ടാംഘട്ട മത്സരങ്ങൾക്ക് കണ്ണൂരിൽ തുടക്കം. ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌പോർട്‌സ് സ്‌കൂളിൽ കണ്ണൂർ വിദ്യാഭ്യാസ ഉപ ഡയറക്ടർ വി.എ ശശീന്ദ്ര വ്യാസ് ഉദ്ഘാടനം ചെയ്തു.ജില്ലയിലെ നാല് വേദികളിലായാണ് 23 വരെ മത്സരങ്ങൾ നടക്കുക. കണ്ണൂർ സ്‌പോർട്‌സ് സ്‌കൂളിൽ രണ്ട് ദിവസങ്ങളിലായി നടക്കുന്ന വോളിബാളും കണ്ണൂർ ജവഹർ സ്റ്റേഡിയത്തിലെ ഖോ ഖോ മത്സരവും വ്യാഴാഴ്ച സമാപിക്കും.
ഇരു മത്സരങ്ങളിലും അണ്ടർ 14, 17, 19 വിഭാഗങ്ങളിലായി 14 ജില്ലകളിൽ നിന്നുള്ള 28 വീതം ടീമുകളാണ് മാറ്റുരയ്ക്കുന്നത്അണ്ടർ 19 ഫെൻസിംഗ് 21നും 22 നും മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിലും അണ്ടർ 19 നെറ്റ്ബാൾ 22നും 23 നും ജവഹർ സ്റ്റേഡിയത്തിലും നടക്കും.149 വിദ്യാർത്ഥികൾ പങ്കെടുത്ത അണ്ടർ 19 ജിംനാസ്റ്റിക് തലശ്ശേരി സായി സെന്ററിൽ ബുധനാഴ്ച നടന്നു. 13 ഘട്ടങ്ങളായി 40,000 കുട്ടികളെ പങ്കെടുപ്പിച്ച് നടക്കുന്ന ഗെയിംസിൽ ആകെ 38 ഇനങ്ങളാണുള്ളത്.
ജി.വി.എച്ച്.എസ് സ്‌പോർട്‌സ് സ്‌കൂളിൽ നടന്ന ചടങ്ങിൽ സംസ്ഥാന സ്‌കൂൾ സ്‌പോർട്‌സ് ഓർഗനൈസർ എൽ. ഹരിഷ് ശങ്കർ അദ്ധ്യക്ഷത വഹിച്ചു. എച്ച്.എസ്.എസ് ആർ.ഡി.ഡി പി.വി പ്രസീത, വി.എച്ച്.എസ്.എസ്.ഇ അസി. ഡയറക്ടർ ഇ.ആർ. ഉദയകുമാരി, കണ്ണൂർ ഡയറ്റ് പ്രിൻസിപ്പൽ ഡോ. കെ. വിനോദ് കുമാർ എന്നിവർ സംബന്ധിച്ചു.