കണ്ണൂർ ജില്ലാ സ്‌കൂൾ ശാസ്‌ത്രോത്സവം 2 മുതൽ

കണ്ണൂർ :ജില്ലാ സ്‌കൂൾ ശാസ്ത്രോത്സവം രണ്ട്, മൂന്ന് തീയതികളിൽ തലശേരിയിൽ നടക്കും. 4000 വിദ്യാർഥികൾ പങ്കെടുക്കും. ശാസ്ത്രമേള സെന്റ് ജോസഫ്സ് എച്ച്എസ്എസ്, സാമൂഹ്യ ശാസ്ത്രമേള ബിഇഎംപിഎച്ച്എസ്എസ്, ഗണിതശാസ്ത്ര മേള സേക്രട്ട് ഹാർട്ട് എച്ച്എസ്എസ്, പ്രവൃത്തിപരിചയ മേള മുബാറക്ക് എച്ച്എസ്എസ്, ഐടി മേള ബ്രണ്ണൻ എച്ച്എസ്എസ് എന്നിവിടങ്ങളിലാണ് നടക്കുക. ഭക്ഷണം ഗവ. ഗേൾസ് എച്ച്എസ്എസിൽ ഒരുക്കും. ബ്രണ്ണൻ എച്ച് എസ്എസിൽ വൊക്കേഷണൽ എക്സ്പോയും സംഘടിപ്പിക്കും.
ശാസ്ത്രോത്സവത്തിന്റെ സംഘാടക സമിതി യോഗം തലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി പി അനിത ഉദ്ഘാടനംചെയ്തു. കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്രവ്യാസ് അധ്യക്ഷനായി. കണ്ണൂർ അസി. കലക്ടർ മിസൽ സാഗർ ഭരത് ലോഗോ പ്രകാശിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം ഇ വിജയൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ആർ വസന്തൻ , തലശേരി നഗരസഭ ഉപാധ്യക്ഷൻ വാഴയിൽ ശശി, ഷബാന ഷാനവാസ്, ടി കെ സാഹിറ, ജ്യോതി കോടോത്ത്, ഉദയകുമാരി, ഇ സി വിനോദ്, ഡോ. കെ വിനോദ് കുമാർ, അംബിക , കെ ജയരാജ് , ഇ എം സജിത എന്നിവർ പങ്കെടുത്തു.