കാക്കനാട് മെട്രോ പാത: സ്‌റ്റേഷനുകളുടെ സ്ഥലമെടുപ്പ് വിജ്ഞാപനം ഉടൻ

കൊച്ചി : കൊച്ചി മെട്രോയുടെ പാലാരിവട്ടം–-ഇൻഫോപാർക്ക് പാതയിലെ സ്‌റ്റേഷനുകൾക്ക് സ്ഥലമേറ്റെടുക്കാൻ ഗതാഗതവകുപ്പിന്റെ ഭരണാനുമതിയായി. രണ്ടാംഘട്ടത്തിലെ 11.2 കിലോമീറ്റർ പാതയിൽ ആകെയുള്ള 11 സ്‌റ്റേഷനുകളിൽ ഒമ്പതെണ്ണത്തിനാണ് സ്ഥലം ഏറ്റെടുക്കേണ്ടത്. സ്‌റ്റേഷനുകൾ നിർമിക്കേണ്ട സ്ഥലം ഏതൊക്കെയെന്ന് നിർണയിച്ച് സമൂഹ്യാഘാതപഠനം നടത്തിയശേഷം ഏറ്റെടുക്കലിനുള്ള വിജ്ഞാപനമിറക്കും.
ഇടപ്പള്ളി സൗത്ത്, വാഴക്കാല, കാക്കനാട് വില്ലേജുകളിലായി 1.71 ഹെക്‌ടറാണ് സ്‌റ്റേഷനുകൾക്കായി ഏറ്റെടുക്കേണ്ടത്. പാലാരിവട്ടം ബൈപാസ്, ചെമ്പുമുക്ക്, വാഴക്കാല, പടമുകൾ, കാക്കനാട്, സെസ്, ചിറ്റേത്തുകര, രാജഗിരി സ്‌റ്റേഷനുകൾക്കാണ് സ്ഥലം ഏറ്റെടുക്കേണ്ടത്. ഇൻഫോപാർക്ക് സ്‌റ്റേഷനുള്ള സ്ഥലം ഐടി വകുപ്പ് നൽകും.
രണ്ടാംഘട്ട പാത നിർമാണത്തിന്റെ ഭാഗമായി കാക്കനാട് റോഡിന്റെ വീതി കൂട്ടാനുള്ള സ്ഥലമെടുപ്പ് 80 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. സീപോർട്ട് റോഡിന്റെയും സിവിൽലൈൻ റോഡിന്റെയും വീതികൂട്ടൽ ജോലികൾ പുരോഗമിക്കുന്നു. മെട്രോ പാതയുടെ നിർമാണം 2023 ജനുവരിയോടെ ആരംഭിക്കാനാണ് കെഎംആർഎൽ ഉദ്ദേശിക്കുന്നത്. പ്രോജക്ട് മാനേജ്‌മെന്റ് കൺസൾട്ടൻസിയെ നിയമിക്കാൻ ടെൻഡർ വിളിച്ചിട്ടുണ്ട്. നവംബർ അവസാനത്തോടെ നിർമാണത്തിനുള്ള ടെൻഡർ തുടങ്ങാനാകും.