മുമ്പും ലൈംഗികവൃത്തിക്കായി സ്ത്രീകളെ ഇലന്തൂരിൽ എത്തിച്ചു; ഷാഫിയ്ക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്

കൊച്ചി: നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. ഇതിനുമുമ്പും ഷാഫി സ്ത്രീകളെ ഇലന്തൂരിൽ എത്തിച്ചിരുന്നുവെന്നാണ് വിവരം. എറണാകുളം സ്വദേശിനികളായ രണ്ട് സ്ത്രീകളുടെയും ഇവർക്കൊപ്പം പോയ പുരുഷന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തി. എന്നാൽ കോളേജ് വിദ്യാർത്ഥിനികളെ ഇലന്തൂരിൽ എത്തിച്ചു എന്ന വാർത്ത ശരിയല്ലെന്നും പൊലീസ് പറഞ്ഞു.ലൈംഗികവൃത്തിക്ക് വേണ്ടിയാണ് ഇലന്തൂരിൽ പോയതെന്നാണ് സ്ത്രീകൾ പൊലീസിന് നൽകിയ മൊഴി. ഷാഫി ഉപയോഗിച്ചിരുന്ന എസ്‌യുവി വാഹനത്തിൽ ഇയാൾക്കൊപ്പമായിരുന്നു യാത്ര.
ലൈംഗികവൃത്തിക്കായി വാഹനവും ഇടവും ഒരുക്കി നൽകാമെന്ന് പറഞ്ഞതുകൊണ്ടാണ് അയാൾക്കൊപ്പം പോയതെന്നും സ്ത്രീകൾ മൊഴി നൽകി. ഷാഫിയുമായി ഇവർക്ക് ലഹരി ഇടപാടുകൾ ഉണ്ടായിരുന്നോ എന്ന സംശയത്തിലാണ് പൊലീസ്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണ്ടിവരുമെന്നും പൊലീസ് പറഞ്ഞു.അതേസമയം, തെളിവെടുപ്പിനായി ഭഗവൽസിംഗ്, ലൈല എന്നിവരുമായി പൊലീസ് ഇലന്തൂരിലേയ്ക്ക് പോയി. ഷാഫിയുമായി കടവന്ത്രയിൽ നിന്നുള്ള സംഘം ചങ്ങനാശേരിയിലേക്കാണ് പോയത്. പത്മയുടെ പാദസരം എറിഞ്ഞു കളഞ്ഞത് ചങ്ങനാശേരി രാമൻകരി സ്റ്റേഷൻ പരിധിയിലാണ് എന്നാണ് ഷാഫിയുടെ വെളിപ്പെടുത്തൽ. ഇത് കണ്ടെത്തലാണ് ലക്ഷ്യം. പൊലീസ് മുങ്ങൽ വിദഗ്‌ദ്ധരും രണ്ട് സംഘങ്ങളിലുമുണ്ട്. കേസിലെ പ്രധാന തെളിവായ മൊബൈൽ ഫോൺ കണ്ടെത്താനുള്ള ശ്രമവും പൊലീസ് തുടരുകയാണ്.