ലഹരിക്കടത്ത്: പ്രതികളിലേറെയും വിദ്യാര്‍ഥികളും യുവാക്കളും

കണ്ണൂർ: ലഹരിക്കടത്തിൽ പിടിയിലാകുന്നവരിൽ 60 ശതമാനത്തിലേറെ വിദ്യാര്‍ഥികളും യുവാക്കളും. 2021-22 കാലയളവില്‍ പ്രായപൂര്‍ത്തിയാകാത്ത 18 കുട്ടികളും പിടിയിലായി. ലഹരി ഉല്‍പന്നങ്ങളുടെ കടത്തിനെതിരെ എക്സൈസും പൊലീസും പരിശോധന ശക്തമാക്കിയതോടെ വലയിലാകുന്നവരുടെ എണ്ണവും കൂടുകയാണ്.ജില്ലയില്‍ രണ്ടുമാസത്തിനിടെ 139 പേര്‍ മാരക ലഹരി ഉല്‍പന്നങ്ങളുമായി അറസ്റ്റിലായി. ആഗസ്റ്റ്, സെപ്റ്റംബര്‍ മാസത്തില്‍ 109 കേസുകളാണ് എക്സൈസ് വകുപ്പ് രജിസ്റ്റര്‍ ചെയ്തത്.
111 പേരെ പിടികൂടി. ആഗസ്റ്റില്‍ 65ഉം സെപ്റ്റംബറില്‍ 44 ഉം കേസുകൾ രജിസ്റ്റർ ചെയ്തു.പൊലീസ് പരിശോധനയില്‍ രണ്ടു മാസത്തിനിടെ 28 പേരാണ് മാരക ലഹരി ഉല്‍പന്നങ്ങളുമായി പിടിയിലായത്. ഗ്രാമിന് ലക്ഷങ്ങള്‍ വിലവരുന്ന മെത്താംഫിറ്റാമൈന്‍ 1.37 കിലോയാണ് പിടിച്ചെടുത്തത്. ഇതിനുമാത്രം വിപണിയില്‍ ഏകദേശം അഞ്ചുകോടിയുടെ മുകളില്‍ വിലവരും.
സംവേദനത്തിന്റെയും ചിന്തയുടെയും ‘കില്ലര്‍’ എന്നറിയപ്പെടുന്ന എല്‍.എസ്.ഡി(ലൈസര്‍ജിക് ആസിഡ് ഡൈ ഈതൈലമൈഡ്) 1.76 ഗ്രാമും 0.78 ഗ്രാം എം.ഡി.എം.എയും പിടികൂടി. നൈട്രസന്‍ ടാബ് 11.64 ഗ്രാമും 14.5 കിലോ കഞ്ചാവും പിടികൂടിയിട്ടുണ്ട്.പൊലീസ് നടത്തിയ പരിശോധനയില്‍ 65 കിലോ കഞ്ചാവ്, 11 ഗ്രാം എം.ഡി.എം.എ, 0.13 ഗ്രാം ഹാഷിഷ്, 0.135 ഗ്രാം ബ്രൗണ്‍ഷുഗര്‍, 32.5 ഗ്രാം ഹഷീഷ് ഓയില്‍ എന്നിവയും പിടിച്ചെടുത്തു. എക്സൈസ് വകുപ്പിനു കീഴിലെ റെയ്ഞ്ചുകളില്‍നിന്ന് സ്‌ക്വാഡുകളായി തിരിച്ചാണ് സംഘം പരിശോധന നടത്തുന്നത്.
പൊലീസിന്റെ സഹകരണത്തോടെ സംസ്ഥാന അതിര്‍ത്തികളിലും വാഹനങ്ങളില്‍ കര്‍ശന പരിശോധന നടത്തുന്നുണ്ട്. ജില്ലയിൽ അതിമാരക ന്യൂജൻ ലഹരിപദാർഥങ്ങളുടെ ഒഴുക്ക് പൊലീസും എക്സൈസും ഗൗരവത്തോടെയാണ് കാണുന്നത്.യുവാക്കൾക്കിടയിലാണ് രാസലഹരിയുടെ ഉപയോഗം കൂടുതൽ. കഴിഞ്ഞ മാർച്ചിൽ പൊലീസിനെ ഞെട്ടിച്ച് സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ടയിലൊന്ന് കണ്ണൂരിൽ നടന്നിരുന്നു. സംസ്ഥാനത്തിലേക്ക് മയക്കുമരുന്ന് വരുന്നത് പ്രധാനമായും കർണാടക അതിർത്തി കടന്നാണ്. ബംഗളൂരു കേന്ദ്രീകരിച്ച് മയക്കുമരുന്ന് കേരളത്തിലെത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളെ ഇനിയും പിടികൂടാനുണ്ട്.