ഇത്തവണ മാവുകളിൽ പൂക്കാലം നേരത്തേ

Share our post

കൊച്ചി: പൂവിടാൻ മഞ്ഞുകാലംനോറ്റിരുന്ന മാവുകളിൽ ഇത്തവണ പൂക്കാലം നേരത്തേയെത്തി. നവംബർ അവസാനംമുതലാണ്‌ കേരളത്തിൽ മാവുകൾ പൂത്തിരുന്നത്‌. ഇത്തവണ സെപ്‌തംബർ പകുതിമുതൽ പൂത്തുതുടങ്ങി. തുലാമഴക്കാലം കഴിഞ്ഞ്‌ മഞ്ഞുകാലമെത്തുമ്പോഴാണ്‌ മലയാളക്കരയിൽ മാവുകൾ പൂത്ത്‌ തുടങ്ങുന്നത്‌. ഇക്കാലത്ത്‌ പകൽ, രാത്രി താപനിലയുടെ വ്യത്യാസം വർധിക്കും.

ചിലപ്പോൾ പകലുള്ളതിനെക്കാൾ 10 ഡിഗ്രിയോളം കുറവായിരിക്കും രാത്രിയിലെ ചൂട്‌. ഇതോടെയാണ്‌ പൂവിടലിന്‌ പ്രേരകമായ ‘ഫ്ലവറിങ്‌ ഹോർമോണു’കൾ മാവുകളിലുണ്ടാവുക.സവിശേഷമായ കാലാവസ്ഥയാണ്‌ ഇത്തവണ മാവുകൾ നേരത്തേ പുഷ്‌പിക്കാൻ കാരണമെന്ന്‌ കുമരകം പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രം അസി. പ്രൊഫസർ ഡോ. കെ അജിത് പറഞ്ഞു. കാലവർഷത്തിനുശേഷം പെട്ടെന്ന്‌ ചൂട്‌ കൂടി. ഇതോടെ മണ്ണിലെ നീരുറവകൾ വറ്റുകയും മാവുകളിൽ വളർച്ചസമ്മർദം ഉണ്ടാവുകയും ചെയ്‌തു.

ഇതാണ്‌ ഇത്തവണ പൂക്കാലം നേരത്തേ എത്താൻ കാരണം. നേരത്തേ പൂത്തെങ്കിലും ഇപ്പോൾ ശക്തമായിരിക്കുന്ന തുലാവർഷം മാമ്പൂക്കൾക്ക്‌ പ്രശ്‌നമാകുന്നുണ്ട്‌. ശക്തമായ മഴയിൽ പൂക്കൾ കൊഴിഞ്ഞുപോകും. മഴ കാര്യമായുണ്ടായില്ലെങ്കിൽ മാമ്പഴക്കാലവും നേരത്തേയെത്തും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!