തിരച്ചിൽ ഊർജിതം; മൂന്ന് ക്യാമറ കൂടി സ്ഥാപിച്ചു

ബത്തേരി :മുത്തങ്ങ റെയ്‌ഞ്ചിലെ മൂക്കുത്തിക്കുന്ന്, ചീരാൽ പ്രദേശത്ത് കടുവയിറങ്ങി കന്നുകാലികളെ പിടികൂടാൻ ഊർജിത ശ്രമം. കടുവയെ കണ്ടെത്തുന്നതിന് ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സക്കറിയ, അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. അജേഷ് മോഹൻദാസ് എന്നിവരുടെ നേതൃത്വത്തിൽ ടൈഗർ ട്രാക്കർമാർ ഉൾപ്പെടെയുള്ള വിദഗ്‌ധ ടീം വനത്തിനുള്ളിൽ തിരച്ചിൽ ശക്തമാക്കി. കടുവയുടെ സഞ്ചാരപഥം കണ്ടെത്തി രൂപരേഖ തയ്യാറാക്കി രാത്രികാല പട്രോളിങ് ടീമിന് കൈമാറി. പ്രദേശത്ത് ഏറുമാടം സ്ഥാപിച്ചുള്ള നിരീക്ഷണവും തുടരുന്നു.
പാലക്കാട് വൈൽഡ്‌ലൈഫ് ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ നേതൃത്വത്തിൽ യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തി.
നിലവിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറ ട്രാപ്പുകൾക്ക് പുറമെ മൂന്ന് ക്യാമറ ട്രാപ്പുകൾ കൂടി സ്ഥാപിച്ചു. ഇതോടെ നിരീക്ഷണ ക്യാമറകൾ 23 ആയി. മൂന്ന് ടീമുകളായി നിലവിൽ തുടരുന്ന രാത്രികാല പട്രോളിങ് തുടരും.
യോഗത്തിൽ പാലക്കാട് വൈൽഡ് ലൈഫ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി മുഹമ്മദ് ഷബാബ്, വൈൽഡ് ലൈഫ് വാർഡൻ അബ്ദുൾ അസീസ്, അസി. ഫോറസ്റ്റ് കൺസർവേറ്റർ ജോസ് മാത്യൂ, ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സക്കറിയ, അസി. ഫോറസ്റ്റ് വെറ്ററിനി ഓഫീസർ ഡോ. അജേഷ് മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു.