ഡിജിറ്റൽ മാപ്പത്തോൺ’ ; ജില്ലയിൽ സർവേ തുടങ്ങി

മുഴക്കുന്ന് ഗുണ്ഠിക തോടിൽ സർവേ പ്രവർത്തനം പഞ്ചായത്ത് പ്രസിഡന്റ് ടി.ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.പേരാവൂർ: പശ്ചിമഘട്ട പഞ്ചായത്തുകളിലെ തോടുകളുടെയും ജലസ്രോതസുകളുടെയും അതിർത്തികൾ ഡിജിറ്റൽ മാപ്പുകളിലേക്ക്മാറ്റി സൂക്ഷിക്കുന്ന ‘മാപ്പത്തോൺ’ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായി.മുഴക്കുന്ന് പഞ്ചായത്തിലെ തോടുകളുടെ വിശദാംശങ്ങൾ അടയാളപ്പെടുത്തിയാണ് പ്രവർത്തനങ്ങൾ തുടങ്ങിയത്.
കണിച്ചാർ,കേളകം,കൊട്ടിയൂർ,മുഴക്കുന്ന്,ചെറുപുഴ,ഉദയഗിരി,ആലക്കോട്,നടുവിൽ,എരുവേശ്ശി,പയ്യാവൂർ,അയ്യൻകുന്ന്,ആറളം,പായം,പടിയൂർ,ഉളിക്കൽ പഞ്ചായത്തുകളിലെയും ഇരിട്ടി,ശ്രീകണ്ഠാപുരം നഗരസഭകളിലേയും തോടുകളും ജല സ്രോതസ്സുകളുമാണ് നിലവിൽ ഡിജിറ്റൽ മാപ്പിലേക്ക് അടയാളപ്പെടുത്തുന്നത്.തോടുകളും ജല സ്രോതസ്സുകളും ഭാവിയിൽ നികത്തുന്നതും വഴി തിരിച്ചു വിടുന്നതുമുൾപ്പെടെ ഇല്ലാതാക്കാനും ഇവയുടെ സംരക്ഷണ പ്രവർത്തനങ്ങൾക്കായുള്ള രൂപരേഖ തയ്യാറാക്കാനും ലക്ഷ്യമിട്ടാണ് ഡിജിറ്റൽ മാപ്പിങ്ങ് നടത്തുന്നത്.സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സന്നദ്ധരായ വിദ്യാർത്ഥികൾ,ഡിജിറ്റൽ മേഖലയിൽപ്രവർത്തിക്കുന്നവർ തുടങ്ങിയവരുടെ സഹായത്തോടെയാണ് സർവെ പൂർത്തീകരിക്കുക.
സംസ്ഥാന ഐടി മിഷന്റെ സഹകരണത്തോടെ ഹരിത കേരളം മിഷനാണ് ‘ഡിജിറ്റൽ മാപ്പത്തോൺ’ നടത്തുന്നത്. മാപ്പത്തോൺ പൂർത്തീകരിക്കുന്ന മുറയ്ക്ക് പശ്ചിമഘട്ട പഞ്ചായത്തുകളിലെ തോടുകളിൽ ‘ഇനി ഞാൻ ഒഴുകട്ടെ’ എന്ന ക്യാമ്പയിനും തടയണ നിർമ്മാണ പ്രവർത്തനങ്ങളുമാരംഭിക്കും.മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി ബിന്ദു മാപ്പത്തോൺ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് സി.കെ.ചന്ദ്രൻ, വി.വി .വിനോദ്,വനജ,ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇ.കെ.സോമശേഖരൻ,പഞ്ചായത്ത് സെക്രട്ടറി രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.എറണാകുളം ജില്ലയിലെ ഹരിത കേരളം മിഷൻ റിസോഴ്‌സ് പേഴ്‌സൺ പാർവതി, കോട്ടയം ജില്ലയിലെ റിസോഴ്‌സ് പേഴ്‌സൺ ശരത് എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.