രണ്ടു പ്രളയങ്ങളിൽ വൻതോതിൽ മണൽ അടിഞ്ഞുകൂടി; അനധികൃത മണൽകടത്ത് വീണ്ടും

ആലക്കോട്: മലയോരത്തെ പ്രധാനപ്പെട്ട ജലസ്രോതസ്സായ തടിക്കടവ് പുഴയിൽ അനധികൃത മണൽവാരലും കടത്തും വീണ്ടും സജീവമായി. നേരത്തേ നടന്നിരുന്ന മണലൂറ്റ് കോവിഡ് കാലത്ത് നിലച്ചിരുന്നു. അടുത്തകാലത്താണ് പുനരാരംഭിച്ചത്. മണിക്കൽ തൂക്കുപാലം, കരിങ്കയം, ഓടക്കടവ്, ബദരിയ നഗർ, ശാന്തിസ്ഥൽ എന്നിവിടങ്ങളിലാണ് മണലൂറ്റ് തകൃതിയായി നടക്കുന്നത്. പുഴയിൽ നിന്നും പുഴയോരത്തു നിന്നുമായി വാരുന്ന മണൽ ചാക്കുകളിൽ നിറച്ച് പുഴയോരത്ത് വയ്ക്കുന്നു. ഇവ പിന്നീട് വാഹനങ്ങളിൽ കടത്തുകയാണ് പതിവ്.
വാഹനങ്ങൾ എത്താൻ സാധിക്കാത്ത സ്ഥലമാണെങ്കിൽ റോഡിലേക്ക് തലച്ചുമടായി എത്തിക്കുന്നു. വിവിധയിടങ്ങളിൽ വിവിധ സംഘങ്ങളായാ ണു പ്രവർത്തിക്കുന്നത്. മണൽവാരുന്നതിന് ആരെങ്കിലും എതിർപ്പുമായി വന്നാൽ സ്വന്തം ആവശ്യത്തിനാണെന്നു പറഞ്ഞാണ് ഇക്കൂട്ടർ രക്ഷപ്പെടുന്നത്. സന്ധ്യാസമയത്തും പുലർച്ചെയുമാണ് ഇത്തരക്കാർ സജീവമാകുന്നത്. പകൽസമത്ത് ഇവർ മണൽവാരൽ കേന്ദ്രങ്ങളിൽ ഉണ്ടാകുകയില്ല.
ഈ സമയം മണൽച്ചാക്കുകൾ അവകാശികളില്ലാത്ത നിലയിൽ കാണാം. കഴിഞ്ഞ രണ്ടു പ്രളയങ്ങളിൽ വൻതോതിലാണ് മണൽ അടിഞ്ഞുകൂടിയത്. ഇത്തരം സ്ഥലങ്ങളിൽ നിന്ന് വൻതോതിലാണ് മണൽ കുഴിച്ചെടുക്കുന്നത്. ഇതിനെത്തുടർന്ന് പുഴയിൽ വൻകുഴികൾ രൂപപ്പെടുകയും മഴക്കാലത്ത് വലിയ കയങ്ങളായി മാറുകയും ചെയ്യുന്നു. ഈ കയങ്ങളിൽ കുളിക്കാനിറങ്ങുന്നവർ അപകടത്തിൽപെട്ട സംഭവങ്ങളും ഏറെയാണ്