തോളെല്ലിലെ ശസ്ത്രക്രിയയ്ക്കിടെ യുവാവ് മരിച്ചു

കോഴിക്കോട്: അപകടത്തിൽ തോളെല്ലിനു പരുക്കേറ്റ യുവാവ് ശസ്ത്രക്രിയയ്ക്കിടെ മരിച്ചു. കണ്ണൂർ പുല്ലൂക്കര താഴെ പിള്ളാണ്ടിയിൽ മുഹമ്മദ് ഇർഫാൻ (27) ആണു സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ശസ്ത്രക്രിയയ്ക്കിടെ ഹൃദയാഘാതം ഉണ്ടായതാണു മരണകാരണമെന്നു സംശയിക്കുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. ബന്ധുക്കൾ സംശയം പ്രകടിപ്പിച്ച സാഹചര്യത്തിൽ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. 25 നു വൈകിട്ട് തലശ്ശേരിയിൽ ഇർഫാൻ സഞ്ചരിച്ച കാറും ബസും കൂട്ടിയിടിച്ചാണു പരുക്കേറ്റത്.
അവിടെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തോളെല്ലിനു ശസ്ത്രക്രിയ ആവശ്യമായതിനാൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 28നു ശസ്ത്രക്രിയയ്ക്കിടെ രക്തസമ്മർദം താഴ്ന്നതിനെ തുടർന്നു വെന്റിലേറ്റർ ഘടിപ്പിച്ചിരുന്നു. മരിച്ചതായി ഇന്നലെ രാവിലെ ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മറ്റു നടപടികൾ തീരുമാനിക്കുമെന്നു ബന്ധുക്കൾ പറഞ്ഞു. പരേതനായ ഇസ്മായിലിന്റെയും ആയിഷയുടെയും മകനാണ് ഇർഫാൻ. അവിവാഹിതനാണ്. സഹോദരൻ: ഇർഷാദ്.