പ്രവാസിയായ മാതാവ് നാട്ടിലെത്തുന്നതിന് ഒരു മണിക്കൂർ മുൻപ് മകളെ പുഴയിലെറിഞ്ഞ് പിതാവ് ആത്മഹത്യ ചെയ്തു

Share our post

ആലുവ: ആറ് വയസുകാരിയായ മകളെ ആലുവ മാർത്താണ്ഡവർമ്മ പാലത്തിൽനിന്ന് പെരിയാറിലേക്ക് എറിഞ്ഞ് പിതാവ് ചാടി മരിച്ചു. ചെങ്ങമനാട് പുതുവാശേരി മല്ലിശേരിവീട്ടിൽ ചന്ദ്രന്റെ മകൻ ലൈജു (43), മകൾ അത്താണി അസീസി ഹൈസ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാർത്ഥിനി ആര്യനന്ദ (6) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ പത്തോടെ വിദേശത്ത് നിന്ന് ഭാര്യ സവിത എത്തുന്നതിന് ഒരു മണിക്കൂർ മുമ്പാണ് സംഭവം.ആര്യനന്ദ പിതാവിന്റെ സുഹൃത്തിന്റെ ഓട്ടോയിലാണ് പതിവായി സ്‌കൂളിൽ പോകുന്നത്.

ഇന്നലെ രാവിലെ ഓട്ടോ എത്തിയെങ്കിലും മകളെ താൻ തന്നെ സ്‌കൂളിൽ കൊണ്ടുവിടാമെന്ന് ലൈജു പറഞ്ഞു. തുടർന്ന് കുട്ടിയുമായി ലൈജു ബൈക്കിൽ ആലുവയിലേക്ക് പോയി. പാലത്തിലെത്തി ബൈക്കുവച്ചശേഷം ജീവിതം അവസാനിപ്പിക്കുകയാണെന്നും എല്ലാവരും ക്ഷമിക്കണമെന്നും ഫാമിലി വാട്സ് ആപ്പ് ഗ്രൂപ്പിൽ പോസ്റ്റിട്ടശേഷമാണ് മകളെ പാലത്തിന് മുകളിലൂടെ പെരിയാറിലേക്ക് എറിഞ്ഞത്. കാൽനട യാത്രക്കാരായ സ്ത്രീകൾ സംഭവം കണ്ട് ബഹളം വച്ചെങ്കിലും ലൈജുവും പിന്നാലെ ചാടി.

ആലുവ പൊലീസും ഫയർഫോഴ്സും ഉളിയന്നൂരിൽ നിന്നെത്തിയ നീന്തൽ വിദഗ്ദ്ധരും നടത്തിയ തെരച്ചിലിൽ വൈകിട്ട് മൂന്നരയോടെ ലൈജുവിന്റെ മൃതദേഹവും അഞ്ചരയോടെ മാർക്കറ്റ് ഭാഗത്തുനിന്ന് ആര്യനന്ദയുടെ മൃതദേഹവും കണ്ടെത്തി.പുതുവാശേരി എസ്.എൻ.ഡി.പി ബിൽഡിംഗിൽ പ്ലംബിംഗ് ഇലക്ട്രിക്കൽ സാധനങ്ങളുടെ മൊത്തവിതരണ സ്ഥാപനം നടത്തുകയാണ് ലൈജു. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമികസൂചന. ആലുവ ജില്ലാ ആശുപത്രിയിൽ ഇന്ന് രാവിലെ പോസ്റ്റുമോർട്ടത്തിനുശേഷം 11ന് യു.സി കോളേജ് ശ്മശാനത്തിൽ മൃതദേഹങ്ങൾ സംസ്‌കരിക്കും. ശാന്തയാണ് ലൈജുവിന്റെ മാതാവ്. ആലുവ വിദ്യാധിരാജ സ്‌കൂളിൽ അഞ്ചാംക്ലാസ് വിദ്യാർത്ഥി അഭയ്‌ദേവ് മകനാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!