ബസുകാര്‍ തീരുമാനിച്ചു, വിദ്യാര്‍ഥികള്‍ക്ക് ചാര്‍ജ് 5 രൂപ; ചോദ്യം ചെയ്താല്‍ തെറിവിളിയും ഭീഷണിയും

വിദ്യാര്‍ഥികളില്‍നിന്ന് ഈടാക്കേണ്ട കണ്‍സഷന്‍ നിരക്ക് കാറ്റില്‍പ്പറത്തി ബസ് ജീവനക്കാര്‍ അധികതുക ഈടാക്കുന്നതായി പരക്കെ പരാതി. ഒന്നും രണ്ടും രൂപ വാങ്ങേണ്ടിടത്ത് അഞ്ചുരൂപയാണ് വാങ്ങുന്നത്. ചോദ്യംചെയ്താല്‍ തെറിവിളിയും അധിക്ഷേപവും. സംഘര്‍ഷമൊഴിവാക്കാനും മാനം രക്ഷിക്കാനും വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും ചോദിക്കുന്ന പണം കൊടുത്ത് പോകേണ്ട സ്ഥിതിയിലാണിപ്പോള്‍. പരാതി വ്യാപകമായതിനെത്തുടര്‍ന്ന് മോട്ടോര്‍വാഹന വകുപ്പ് മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളില്‍ പരിശോധനകള്‍ നടത്തി നടപടിയെടുത്തിരുന്നെങ്കിലും പ്രശ്നത്തിന് ശാശ്വത പരിഹാരമായിട്ടില്ല.
അവസാനമായി ബസ്ചാര്‍ജ് വര്‍ധിപ്പിച്ചതോടെ വിദ്യാര്‍ഥികളുടെ യാത്രാനിരക്കുമായി ബന്ധപ്പെട്ട് മിക്കയിടങ്ങളിലും തര്‍ക്കമുണ്ടായിരുന്നു. ഒന്നുമുതല്‍ 16 വരെയുള്ള ഫെയര്‍സ്റ്റേജുകളില്‍ ദൂരം, യാത്രാനിരക്ക്, വിദ്യാര്‍ഥികളുടെ നിരക്ക് എന്നിവ വ്യക്തമാക്കി ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പട്ടിക പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മേയ് ഒന്നുമുതല്‍ ഈ നിരക്കാണെന്നുള്ള പട്ടിക പുറത്തിറങ്ങിയതോടെ ഫെയര്‍സ്റ്റേജ് സംബന്ധിച്ച അവ്യക്തത നീങ്ങുകയും ചെയ്തിരുന്നു.
രണ്ടരക്കിലോമീറ്റര്‍ ദൂരമുള്ള ഒന്നാമത്തെ ഫെയര്‍സ്റ്റേജിന് വിദ്യാര്‍ഥികള്‍ക്ക് ഒരു രൂപയാണ്. അഞ്ചും ഏഴരയും കിലോമീറ്റര്‍ ദൂരമുള്ള രണ്ടും മൂന്നും സ്റ്റേജുകള്‍ക്ക് രണ്ടുരൂപയുമാണ്. പത്തു കിലോമീറ്ററില്‍ തുടങ്ങുന്ന നാലുമുതല്‍ 17.5 കിലോമീറ്റര്‍ വരെയുള്ള ഏഴാമത്തെ സ്റ്റേജ് വരെ മൂന്നുരൂപയുമാണ് നിരക്ക്. 40 കിലോമീറ്റര്‍ വരെയുള്ള 16-ാമത്തെ സ്റ്റേജ് വരെ ആറുരൂപയും. എന്നാല്‍ പലയിടത്തും നിശ്ചിതനിരക്കില്‍ കൂടുതല്‍ വാങ്ങുന്നതായാണ് ആക്ഷേപം.