മണിക്കൂറില്‍ 160 കീ.മീ.വേഗം; മൂന്നാം വന്ദേഭാരത് ഇന്ന് ട്രാക്കില്‍, പ്രധാനമന്ത്രി പച്ചക്കൊടി വീശും

Share our post

പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച അര്‍ധ അതിവേഗതീവണ്ടിയായ വന്ദേഭാരത് എക്‌സ്പ്രസിന്റെ മൂന്നാമത്തെ യാത്രാമാര്‍ഗം ഗാന്ധിനഗറില്‍ പ്രധാനമന്ത്രി വെള്ളിയാഴ്ച ഉദ്ഘാടനംചെയ്യും. ഗാന്ധിനഗര്‍-മുംബൈ സെന്‍ട്രല്‍ റൂട്ടിലാണ് വണ്ടി ഓടുന്നത്. മണിക്കൂറില്‍ 160 കിലോമീറ്റര്‍വരെ വേഗം ആര്‍ജിക്കാവുന്ന വന്ദേഭാരതില്‍ കൂടുതല്‍ സൗകര്യങ്ങളുണ്ട്. 52 സെക്കന്‍ഡുകൊണ്ട് 100 കിലോമീറ്റര്‍ വേഗം നേടും.സ്വയം പ്രവര്‍ത്തിക്കുന്ന വാതില്‍, ജി.പി.എസ്. അധിഷ്ഠിത വിവരദാനം, വൈഫൈ, ചാരിക്കിടക്കാവുന്ന ഇരിപ്പിടം, എക്‌സിക്യുട്ടീവ് ക്‌ളാസില്‍ കറക്കാവുന്ന കസേര, എല്ലാ കോച്ചിലും പാന്‍ട്രി, നോണ്‍ ടച്ച് ടോയ്‌ലറ്റ് തുടങ്ങിയവ സംവിധാനങ്ങളില്‍പ്പെടും. ഇപ്പോള്‍ ഡല്‍ഹി-വാരാണസി, ഡല്‍ഹി-വൈഷ്‌ണോദേവി റൂട്ടുകളിലാണ് വന്ദേഭാരത് ഓടുന്നത്.

മൂന്നുവര്‍ഷത്തിനുള്ളില്‍ ഇത്തരം നാനൂറോളം തീവണ്ടികള്‍ ഓടിക്കാനാണ് ലക്ഷ്യമിടുന്നത്.അടുത്തിടെ നടത്തിയ പരീക്ഷണയോട്ടത്തില്‍ വന്ദേഭാരത്-2 തീവണ്ടി മണിക്കൂറില്‍ 180 കിലോമീറ്റര്‍ എന്ന റെക്കോഡ് വേഗം പിന്നിട്ടിരുന്നു. രാജസ്ഥാനിലെ കോട്ട-നഗ്ഡ സെക്ഷനിലാണ് തീവണ്ടി 120, 130, 150, 180 തുടങ്ങിയ വിവിധ വേഗപരിധിയില്‍ പരീക്ഷണ ഓട്ടം നടത്തിയതെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവാണ് സാമൂഹിക മാധ്യമങ്ങളില്‍ അറിയിച്ചത്. നിര്‍മാണത്തിന്റെ എല്ലാ ഘട്ടങ്ങളുടെയും പരിശോധനയും പൂര്‍ത്തിയായതായി അറിയിച്ചിരുന്നു.

സുരക്ഷ അടക്കമുള്ള വിവിധ പരീക്ഷണങ്ങളും മുമ്പുതന്നെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിക്കുന്ന സെമി-ഹൈസ്പീഡ് തീവണ്ടിയാണ് വന്ദേഭാരത്. ഓട്ടോമാറ്റിക് വാതിലുകളും 180 ഡിഗ്രിയില്‍ തിരിയുന്ന കൂടുതല്‍ സുഖപ്രദമായ കസേരകളും ശീതീകരിച്ച ചെയര്‍കാര്‍ കോച്ചുകളും ഇതിലുണ്ടാവും. ഇതിനുപുറമെ, ഓട്ടോമാറ്റിക് ഫയര്‍ സെന്‍സറുകള്‍, സിസിടിവി ക്യാമറകള്‍, ജിപിഎസ് തുടങ്ങിയ ഫീച്ചറുകള്‍ നല്‍കി സുരക്ഷ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തും.

2023 ഓഗസ്റ്റില്‍ 75 വന്ദേ ഭാരത് ട്രെയിനുകള്‍ നിര്‍മിക്കാനാണ് ഐ.സി.എഫ് ലക്ഷ്യമിടുന്നത്. മുമ്പ് എത്തിയിട്ടുള്ള വന്ദേഭാരത് ട്രെയിനുകളെക്കാള്‍ ഭാരം കുറച്ചായിരിക്കും പുതിയ ട്രെയിനുകള്‍ എത്തിക്കുകയെന്നാണ് വിവരം. ഇതുവഴി ഏറെ സുഖകരമായ യാത്ര അനുഭവം ഉറപ്പാക്കുകയാണ് ലക്ഷ്യം. സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ ഉപയോഗിച്ചായിരിക്കും ബോഗികള്‍ നിര്‍മിക്കുകയെന്നാണ് ഐ.സി.എഫ്. അറിയിച്ചത്. ഭാരം കുറവായതിനാല്‍ ഉയര്‍ന്നവേഗതയില്‍ പോലും യാത്രക്കാര്‍ക്ക് കൂടുതല്‍ സുഖം തോന്നും.

ലോക്കോ പൈലറ്റുകള്‍ നിയന്ത്രിക്കുന്ന ഓട്ടോമാറ്റിക് ഡോറുകളാണ് ബോഗികള്‍ക്ക് നല്‍കുന്നത്. കൂടുതല്‍ വിശാലമായിരിക്കും വിന്‍ഡോകള്‍. സീറ്റുകള്‍ക്ക് സമീപവും മറ്റും കൂടുതല്‍ ലഗേജ് സ്പേസുകള്‍ ഒരുങ്ങുന്നുണ്ട്. ഏറ്റവും മികച്ച രീതിയിലുള്ള ടോയ്‌ലറ്റുകളും ഉറപ്പുനല്‍കുന്നുണ്ട്. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷത്തില്‍ 75 പുതിയ വന്ദേഭാരത് ട്രെയിനുകള്‍ ഇന്ത്യയിലെ 75 വലിയ പട്ടണങ്ങളിലൂടെ ഓടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനല്‍കിയിട്ടുള്ളത്.

കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തുന്നതിനായി കവച് സാങ്കേതികവിദ്യയാണ് പുതിയ ട്രെയനുകളില്‍ ഏര്‍പ്പാടാക്കിയിട്ടുള്ളത്. ഓരേ ട്രാക്കില്‍ രണ്ട് ട്രെയിനുകള്‍ ഒരുമിച്ച് വരികയാണെങ്കില്‍ ഓട്ടോമാറ്റിക് ബ്രേക്ക് പ്രവര്‍ത്തിക്കുമെന്നതാണ് കവച് സാങ്കേതികവിദ്യയുടെ പ്രധാന സവിശേഷത. വന്ദേഭാരത് തീവണ്ടികള്‍ക്ക് 16 വീതം കോച്ചുകളാണുണ്ടാകുക. വിദേശത്തുനിന്ന് ഇറക്കുമതിചെയ്യുന്ന ചക്രങ്ങളും ആക്‌സിലുകളുമാണ് ഈ ട്രെയിനുകളില്‍ ഉപയോഗിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!