ജലസ്രോതസ്സുകൾ മാലിന്യം തള്ളൽ കേന്ദ്രങ്ങളാകുന്നു

Share our post

ചെറുപുഴ : മലയോര മേഖലയിലെ പ്രധാന ജലസ്രോതസ്സുകളായ തേജസ്വിനിപ്പുഴയും തിരുമേനി പുഴയും മാലിന്യവാഹിനിയായി മാറി. പുഴത്തീരത്തെ വളളിപ്പടർപ്പിലും ആറ്റുവഞ്ചിയിലും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വൻതോതിലാണു കുടുങ്ങിക്കിടക്കുന്നത്. മഴക്കാലത്ത് പുഴയിലേക്ക് വലിച്ചെറിയുന്ന മാലിന്യങ്ങളാണു ആറ്റുവഞ്ചിയിലും മറ്റും കുടുങ്ങിക്കിടക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾക്കു പുറമെ പഴകിയ ചെരിപ്പ്, തുണി, ഉപയോഗശൂന്യമായ കിടക്ക, പായ തുടങ്ങിയവയും പുഴയിലേക്ക് വലിച്ചെറിയുന്നത് അടുത്ത കാലത്തായി വർധിച്ചിട്ടുണ്ട്.

ഇവ ഒഴുകി പുഴയുടെ തീരത്തെ മരക്കൊമ്പിലും ആറ്റുവഞ്ചിയിലും കുടുങ്ങി കിടക്കുകയാണു ചെയ്യുന്നത്. ഇത് ജലസ്രോതസ്സുകളുടെ നാശത്തിന് ഇടയാക്കുന്നു. വീടുകളിൽ നിന്നു പ്ലാസ്റ്റിക് ഉൾപ്പെടെയുളള മാലിന്യങ്ങൾ ശേഖരിക്കാൻ തദ്ദേശസ്ഥാപനങ്ങൾ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒരു വീട്ടിൽ നിന്നു മാലിന്യം ശേഖരിക്കുന്നതിനു ഹരിതകർമ സേനാംഗങ്ങൾക്ക് പ്രതിമാസം 50 രൂപ വീതം നൽകിയാൽ മതി. ഇവർ വീടുകളിൽ നിന്നു പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ശേഖരിച്ചു മാലിന്യ സംഭരണ കേന്ദ്രങ്ങളിൽ എത്തിക്കും. 

ഇത് വീട്ടുകാർക്ക് ഏറെ ഉപകാരപ്രദമാണ്. എന്നാൽ, ചില വീട്ടുകാർ ഇതിനു തയാറാകാതെ മാലിന്യങ്ങൾ പുഴയിലേക്കു വലിച്ചെറിയുകയാണു ചെയ്യുന്നത്. ഇങ്ങനെ ഒഴുക്കിവിടുന്ന മാലിന്യങ്ങളാണു പുഴയുടെ തീരത്ത് അടിഞ്ഞുകൂടുന്നത്. രാത്രികാലങ്ങളിൽ ചില വ്യാപാരികളും മാലിന്യം പുഴയിലേക്കു വലിച്ചെറിയുന്നതായി ആക്ഷേപമുണ്ട്. മാലിന്യം ജലസ്രോതസ്സുകളിലേക്കു വലിച്ചെറിയുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്നാണു പരിസ്ഥിതി പ്രവർത്തകരുടെയും നാട്ടുകാരുടെയും ആവശ്യം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!