പട്ടാളക്കാരുടെ ഗ്രാമമാകാൻ ഒരുങ്ങി വെള്ളാവ്

Share our post

തളിപ്പറമ്പ്: രാജ്യത്തിന്റെ കാവലാളാകാൻ പട്ടാളക്കാരെ വാർത്തെടുക്കാൻ ഒരുങ്ങി വെള്ളാവ് സാംസ്കാരിക ഗ്രന്ഥാലയത്തിന്റെ പട്ടാള പരിശീലനം. ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഒന്നാം ഘട്ട പരിശീലന ക്യാംപിന്റെ വിജയിച്ചതിന്റെ തുടർച്ചയായി രണ്ടാം ഘട്ട പരിശീലനത്തിനു തുടക്കം കുറിച്ചു. സൗജന്യ പരിശീലനം ആയതിനാൽ നിരവധി പേർ ആദ്യഘട്ടത്തിൽ എത്തിയെങ്കിലും പരിശീലനത്തിന്റെ കാഠിന്യം നിമിത്തം ചിലർ പിൻവാങ്ങി.

എന്നാൽ എല്ലാ കായിക ഇനങ്ങളിലും കഴിവ് തെളിയിച്ച 40 യുവാക്കൾ കൃത്യമായി ക്യാംപിലെത്തുന്നുണ്ട്. കുറ്റ്യേരി വില്ലേജിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സമീപ പഞ്ചായത്തുകളിൽ നിന്നും തളിപ്പറമ്പ് നഗരസഭ പരിധിയിൽ നിന്നും യുവാക്കൾ പുലർച്ചെ 5.30ന് തന്നെ വെള്ളാവിലെ പരിശീലന ക്യാംപിൽ പരിശീലനത്തിനായി റിപ്പോർട്ട് ചെയ്യുന്നു. ക്യാംപിൽ പങ്കെടുക്കുന്നവർക്ക് ദിവസം 8 കിലോമീറ്റർ ഓട്ടം, പുൾ അപ്പ്സ്, ലോങ്ജംപ് കൂടാതെ ശാരീരിക ക്ഷമത വർധിപ്പിക്കാനുള്ള വ്യായാമ മുറകളും നൽകുന്നു.

ആഴ്ചയിൽ ഒരു ദിവസം ഇവർക്ക് പോഷകാഹാരം നൽകുവാനും ഞായറാഴ്ചകളിൽ പ്രത്യേക വാഹനം എർപ്പാട് ആക്കി പയ്യന്നൂർ കോളജ് ഗ്രൗണ്ടിൽ നിന്നുള്ള പരിശീലനവും നൽകുന്നുണ്ട്. എൻ‍എസ്ജി കമാൻഡോ വിങ്ങിൽ ജോലി ചെയ്ത കെ.വി.സുമേഷ്, ശരത് കുമാർ, ചന്ദ്രൻ കരിക്കൻ എന്നിവരാണ് കായിക പരിശീലനം നൽകുന്നത്. ഒന്നാം ഘട്ട ക്യാംപിൽ പങ്കെടുത്ത ഒട്ടേറെ പേർ കായിക ക്ഷമത പരീക്ഷ വിജയിച്ചിരുന്നു. എന്നാൽ അഗ്നിപഥ് സ്കീം വന്നതോടുകൂടി പ്രസ്തുത എഴുത്തു പരീക്ഷ റദ്ദ് ചെയ്യപ്പെട്ടു.

ഇത്തവണ ക്യാംപിലെ മുഴുവൻ പേരും തിരഞ്ഞെടുക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് പരിശീലകർ പറയുന്നു. ഒന്നാംഘട്ട ക്യാംപിൽ പങ്കെടുത്ത നിരവധി പേർ അർധ സൈനിക വിഭാഗമായ ബിഎസ്എഫ്, സിഐഎസ്എഫ് എന്നിവയിൽ ജോലിയിൽ പ്രവേശിച്ചിട്ടുണ്ടെന്ന് വായനശാല കമ്മിറ്റി പ്രസിഡന്റ് സി.പവിത്രൻ, സെക്രട്ടറി എം.വിജു എന്നിവർ പറ‍ഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!