തളിപ്പറമ്പ് താലൂക്ക് ആസ്പത്രി ആശുപത്രിയാക്കും

Share our post

തളിപ്പറമ്പ്‌: തളിപ്പറമ്പ് താലൂക്ക് ആശുപത്രി, അത്യാധുനിക സൗകര്യങ്ങളോടെ ജനറൽ ആശുപത്രിയായി ഉയർത്താനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് എം വി ഗോവിന്ദൻ എംഎൽഎ.  ആർദ്രം മിഷന്റെ ഭാഗമായി തളിപ്പറമ്പ് താലൂക്ക്  ആശുപത്രിയിൽ നവീകരിച്ച ഒപി വിഭാഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. 

നേരത്തെ തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ അനുസരിച്ച് 45 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതോടെ തളിപ്പറമ്പ്‌ താലൂക്ക്‌ ആശുപത്രി സംസ്ഥാനത്തെ  മികച്ച സർക്കാർ ആശുപത്രിയാകും.  മാസ്റ്റർ പ്ലാൻ നടപ്പാക്കാൻ 19.5 കോടി കിഫ്ബിയിൽനിന്ന് അനുവദിച്ചു കഴിഞ്ഞു. തിരക്ക്‌ ഒഴിവാക്കി പ്രവർത്തനം സുഗമമാക്കാൻ എംഎൽഎ ഫണ്ട് ഉപയോഗിച്ച് ഓൺലൈൻ ടോക്കൺ ബുക്കിങ്ങും നടപ്പാക്കും. ജനറൽ ആശുപത്രിയാക്കി ഉയർത്തുന്നതിനുള്ള നയപര തടസ്സം പരിഹരിക്കുന്നതിനുള്ള നടപടിയെടുക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
പുതിയ മെറ്റേണിറ്റി ബ്ലോക്കിലെ രണ്ട്‌ നിലകളിലാണ് 1.45 കോടി ചെലവിട്ട്  ഒപി ബ്ലോക്ക്‌ ഒരുക്കിയത്. വിശാലമായ വെയിറ്റിങ് ഏരിയയും  ലാബ്–- ഫാർമസി സൗകര്യവുമുണ്ട്. വിവിധ വിഭാഗം ക്ലിനിക്കുകൾക്കൊപ്പം കേരളത്തിലെ രണ്ടാമത്തെ ശ്വാസകോശ പുനരധിവാസ കേന്ദ്രത്തിന്റെയും നഗരസഭ പൂർത്തിയാക്കിയ താലൂക്ക് ആശുപത്രി റോഡിന്റെയും  ഉദ്ഘാടനവും എംഎൽഎ നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ അധ്യക്ഷനായി.
ജില്ലാ മെഡിക്കൽ ഓഫിസർ  കെ നാരായണനായക് റിപ്പോർട്ട്‌ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌  സി എം കൃഷ്ണൻ, പഞ്ചായത്ത്‌ പ്രസിഡന്റുമാരായ വി എം സീന, ടി ഷീബ, പി ശ്രീമതി, സംഘാടക സമിതി വൈസ്‌ ചെയർമാൻ ഐ വി നാരായണൻ, എം കെ ഷബിത, പി പി മുഹമ്മദ്‌ നിസാർ,  ഡോ. പി കെ അനിൽകുമാർ എന്നിവർ സംസാരിച്ചു.  മണ്ഡലം പ്രതിനിധി കെ സന്തോഷ്‌, പുല്ലായിക്കൊടി ചന്ദ്രൻ, ഒ സുഭാഗ്യം എന്നിവർ പങ്കെടുത്തു. നഗരസഭാ ആരോഗ്യസ്ഥിരം സമിതി ചെയർമാൻ  കെ നബീസ ബീവി സ്വാഗതവും  ആശുപത്രി സൂപ്രണ്ട്  കെ ടി രേഖ നന്ദിയും പറഞ്ഞു. 

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!