പടിയൂരിന്റെ ടൂറിസം സ്വപ്നങ്ങൾ പ്രതീക്ഷയുടെ ചിറകിൽ, 5.5 കോടി രൂപയുടെ പ്രകൃതി സൗഹൃദ ടൂറിസം പദ്ധതി വരുന്നു
        പടിയൂർ : പഴശ്ശി ജല സംഭരണി പ്രദേശങ്ങളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി രൂപം നൽകിയ പടിയൂർ ടൂറിസം യാഥാർഥ്യത്തിലേക്ക്. പരിസ്ഥിതിക്കു കോട്ടവും സംഭവിക്കാതിരിക്കാൻ പ്രകൃതി സൗഹൃദം ടൂറിസം പദ്ധതിയാണ് നടപ്പാക്കുന്നത്. ആദ്യഘട്ട പ്രവൃത്തികൾ അടുത്ത മാസം പകുതിയോടെ ആരംഭിക്കും. ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കെ.കെ.ശൈലജ എംഎൽഎയുടെ നേതൃത്വത്തിൽ ടൂറിസം, പഴശ്ശി ജലസേചന പദ്ധതി, പഞ്ചായത്ത് പ്രതിനിധികൾ സ്ഥലം സന്ദർശിച്ചു.
പടിയൂർ, കുയിലൂർ, നിടിയോടി, പൂവ്വം മേഖല ഉൾപ്പെടുന്ന പദ്ധതി പ്രദേശങ്ങൾ കൂട്ടിയിണക്കിയുള്ള ഇക്കോ ടൂറിസം പദ്ധതി 1–ാം ഘട്ടം നടപ്പിലാക്കാൻ 5.50 കോടി രൂപയുടെ പ്രവൃത്തി ടെൻഡർ ചെയ്തു. ജലസേചന വകുപ്പിന്റെ അധീനതയിലുളള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ കോർപറേഷൻ തയാറാക്കിയ എസ്റ്റിമേറ്റ് അംഗീകരിച്ചാണ് പ്രവൃത്തി ടെൻഡർ ചെയ്തത്. ഇരു വകുപ്പുകളും തമ്മിലുള്ള ധാരണാപത്രവും ഉടൻ ഒപ്പു വയ്ക്കും.
ടൂറിസം, ജലസേചന വിഭാഗം, സാമുഹ്യ വനവൽക്കരണ വിഭാഗം, പഞ്ചായത്ത് പ്രതിനിധികൾ ഉൾപ്പെടുന്ന സമിതി രൂപീകരിക്കാനും ധാരണയായി. സി.രമേശന്റെ നേതൃത്വത്തിൽ തയാറാക്കിയ കരട് പദ്ധതി 2 വർഷത്തെ പഠനത്തിനും വിദഗ്ധ പരിശോധനയ്ക്കും ശേഷമാണ് യാഥാർഥ്യമാകുന്നത്. പഴശ്ശി പദ്ധതി പ്രദേശത്തെ പാർക്കുകൾ, അകംതുരുത്ത് ദ്വീപ്, പെരുവംപറമ്പ് ഇക്കോ പാർക്ക്, വള്ള്യാട് സഞ്ജീവിനി ഇക്കോ പാർക്ക് എന്നിവയെയും കൂട്ടിയിണക്കിയുള്ള പദ്ധതികളും ഇതോടൊപ്പം നടപ്പാക്കും.
ടൂറിസം ഡപ്യൂട്ടി ഡയറക്ടർ കെ.എസ്.ഷൈൻ, പഴശ്ശി ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ സി.ഡി.സാബു, പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബി.ഷംസുദ്ദീൻ, ജലസേചന വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എസ്.സിയാദ്, ആർക്കിടെക്ട് സി.രമേശൻ, പടിയൂർ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.ഷിനോജ്, കെ.പി.ജംഷീർ എന്നിവരും എംഎൽഎക്ക് ഒപ്പം ഉണ്ടായിരുന്നു.
1–ാം ഘട്ടത്തിൽ നടപ്പാക്കുന്നത്: ബോട്ടാണിക്കൽ ഗാർഡൻ ∙ പൂന്തോട്ടം ∙ പാർക്കുകൾ ∙ പദ്ധതി പ്രദേശത്തെ തുരുത്തുകൾ ബന്ധിപ്പിച്ചുള്ള പാലങ്ങൾ ∙ ബോട്ട് സർവീസ് ∙ പടിയൂർ ടൗണിൽ നിന്നു പദ്ധതി പ്രദേശത്തേക്കുള്ള റോഡ് നവീകരണം
