പാചകം ചെയ്യുന്നതിന് പുറമേ വിഭവങ്ങൾ ഡൈനിംഗ് ടേബിളിൽ എത്തിക്കും, കൃത്യ സമയത്ത് ഉമ്മയ്ക്കുള്ള മരുന്ന് കൊടുക്കാനും ഈ സുന്ദരി റോബോട്ട് മറക്കില്ല

Share our post

കണ്ണൂർ: സിനിമയിലെ ആൻഡ്രോയ്ഡ് കുഞ്ഞപ്പനെപ്പോലെ കൊവിഡ് കാലത്ത് ഉമ്മയെ വീട്ടുജോലികളിൽ സഹായിക്കാനും ഉമ്മാമ്മയ്ക്ക് മരുന്ന് എടുത്തുനൽകാനുമായി വേങ്ങാട് മെട്ട കരിയന്തോടി റിച്ച് മഹല്ലിൽ ചാത്തോത്ത് ഷിയാദെന്ന പതിനേഴുകാരന്റെ ശാസ്ത്രജ്ഞാനം ജന്മമേകിയ റോബോട്ടാണ് പാത്തൂട്ടി. പ്രത്യേകം സജ്ജമാക്കിയ പാത്ത് തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നതിനാലാണ് പാത്തൂട്ടി എന്ന പേര്.

അടുക്കളയിൽ ഉമ്മയെ സഹായിക്കുന്നതിന് പുറമേ വിഭവങ്ങൾ ഡൈനിംഗ് ടേബിളിൽ എത്തിക്കുകയും കൊണ്ടുപോവുകയും ചെയ്യുന്ന പാത്തൂട്ടി​ ഓട്ടോമാറ്റിക്കായും മാന്വലായും പ്രവർത്തിക്കും. ഓട്ടോമാറ്റിക്കായാണ് പ്രവർത്തനമെങ്കിൽ വഴി തിരിച്ചറിഞ്ഞ് കിച്ചണിൽ നിന്നും ഡൈനിംഗ് ഹാളിലേക്ക് സഞ്ചരിക്കും. വഴിയില്ലാത്ത സ്ഥലത്ത് എത്തിച്ചാൽ മാന്വൽ മോഡിലേക്ക് മാറ്റണം. തന്റെ പാത്തിൽ ആരെങ്കിലും നിന്നാൽ വഴിമാറാൻ പറയാനും പാത്തൂട്ടിക്കറിയാം.

പഠനത്തോടൊപ്പം ഇത് ഒരു പ്രോജക്ടായി ഏറ്റെടുക്കുകയായിരുന്നു ഷിയാദ്. പിതാവ് പാപ്പിനിശ്ശേരി ഹിദായത്ത് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ സി.കെ. അബ്ദുറഹിമാൻ ആവശ്യമായ ഉപകരണങ്ങൾ വാങ്ങി നൽകി. മേക്കപ്പിനും മറ്റും മാതാവും സഹോദരൻ ഷിയാസും, റോബോട്ട് പ്രവർത്തനക്ഷമമാക്കുന്നതിന് സഹപാഠി അർജുനും സഹായിച്ചു. വേങ്ങാട് ഇ.കെ. നായനാർ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് ടു കപ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ ഷിയാദ് നേരത്തെ പിതാവിന്റെ കോളേജ്കാല അനുഭവക്കുറിപ്പ് ഡോക്യുമെന്ററിയാക്കി ശ്രദ്ധേയനായിരുന്നു. കെ ടെറ്റിന്റെ ഉൾപ്പെടെയുള്ള അംഗീകാരം ലഭിച്ചിട്ടുള്ള പാത്തൂട്ടിയെ കാണാൻ നിരവധിയാളുകൾ വീട്ടിലെത്തുന്നുണ്ടെന്ന് ഷിയാദ് പറയുന്നു.

ഐ.എം.ടി.ആപ്പിൽ…
പ്ലാസ്റ്റിക്ക് സ്റ്റൂൾ, അലൂമിനിയം ഷീറ്റ്, 4 ടയർ, ഫീമെയിൽ ഡമ്മി, സേർവിംഗ് ട്രേ തുടങ്ങിയവയിലാണ് പാത്തൂട്ടിയുടെ നിർമ്മിതി. എം.ഐ.ടി ആപ്പ് വഴി നിർമ്മിച്ച മൊബൈൽ ആപ്ലിക്കേഷനും അഡ്‌മെഗാ മൈക്രോ കൺട്രോളറും ഐ.ആർ, അൾട്രാസോണിക് സെൻസറുകളും സാങ്കേതിക പ്രവർത്തനം നിയന്ത്രിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!