സിവിൽ സർവ്വീസ് സംഘം കൊട്ടിയൂർ ഗ്രാമം സന്ദർശിച്ചു

Share our post

കൊട്ടിയൂർ: സിവിൽ സർവ്വീസ് പരിശീലനത്തിന്റെ ഭാഗമായി ഗ്രാമപഠന ഗവേഷണ പ്രവർത്തനങ്ങൾക്കായി ജില്ലയിലെത്തിയ ഏഴംഗ സംഘം കൊട്ടിയൂർ ഗ്രാമം സന്ദർശിച്ചു. കൊട്ടിയൂർ പഞ്ചായത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി സംഘം ചർച്ച നടത്തി. ഗ്രാമപഠനത്തിനായി സംഘം കണ്ണൂർ ജില്ലയിൽ നിന്നും തെരഞ്ഞെടുത്ത പ്രദേശമാണ് കൊട്ടിയൂർ.
പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ, ജനസംഖ്യ, ജനസാന്ദ്രത തുടങ്ങിയ അടിസ്ഥാന വിവരങ്ങളും ജനങ്ങളുടെ ജീവിതനിലവാരം, പാർപ്പിടം, വിദ്യാഭ്യാസം, തൊഴിൽ, ഉപജീവനം, ആരോഗ്യം, ശുചിത്വം, പ്രകൃതി ദുരന്തം, ആദിവാസി മേഖലകൾ, കുടുംബശ്രീ തുടങ്ങിയ മേഖലകളിലെ വിവിധ പദ്ധതികളും പ്രവർത്തനങ്ങളും പഞ്ചായത്ത് ഓഫീസിന്റെയും ഭരണസമിതിയുടെയും പ്രവർത്തനങ്ങൾ, വരുമാന മാർഗങ്ങൾ, മറ്റ് സർക്കാർ പദ്ധതികളുടെ നടത്തിപ്പ് തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്ത് വിവരങ്ങൾ ശേഖരിച്ചു. പഞ്ചായത്തിലെ സർക്കാർ സ്‌കൂളുകൾ, ആരോഗ്യ കേന്ദ്രങ്ങൾ തുടങ്ങി വിവിധ ഇടങ്ങൾ സംഘം സന്ദർശിച്ച് പ്രവർത്തനങ്ങൾ നേരിൽക്കാണും. ജനങ്ങളുമായി ആശയവിനിമയം നടത്തും.

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പുതിയ ബാച്ച് സിവിൽ സർവ്വീസ് ഓഫീസർമാരാണ് പഠനം നടത്തുന്നത്. ഗ്രാമീണ ജീവിതത്തെക്കുറിച്ചും അവരുടെ സംസ്‌കാരത്തെക്കുറിച്ചും വികസന പ്രക്രിയയെക്കുറിച്ചും ഗ്രാമീണ സമൂഹങ്ങൾ അവരുടെ ദൈനംദിന ജീവിതത്തിൽ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചുമാണ് പഠനം. റോജ എസ് രാജൻ, രജിത് കുമാർ ഗുപ്ത, വിവേക് തിവാരി, റോഹൻ കേശൻ, ശ്രേയ ശ്രീ, സമീർ കുമാർ ജെന, ആശിഷ് എന്നിവരാണ് സംഘത്തിലുള്ളത്.
കേരളത്തിൽ കണ്ണൂരിന് പുറമെ പാലക്കാട് ആണ് പഠനത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്.

കൊട്ടിയൂർ പഞ്ചായത്ത് ഹാളിൽ നടന്ന കൂടിക്കാഴ്ചയിൽ അഡ്വ. സണ്ണി ജോസഫ് എം എൽ എ, പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം, വൈസ് പ്രസിഡണ്ട് ഫിലോമിന തുമ്പൻതുരുത്തിയിൽ, സെക്രട്ടറി കെ കെ സത്യൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷർ, അംഗങ്ങൾ, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!