കൂത്തുപറമ്പിൽ ഓണത്തിരക്ക് നിയന്ത്രിക്കാൻ ക്രമീകരണം

കൂത്തുപറമ്പ് : ഓണത്തിരക്ക് നിയന്ത്രിക്കാൻ കൂത്തുപറമ്പ് നഗരത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിത്തുടങ്ങി. ഇതിന്റെ ഭാഗമായി പൂക്കച്ചവടം സ്റ്റേഡിയം പരിസരത്തേക്ക് മാറ്റി. വഴിയോര കച്ചവടവും അടുത്തദിവസം ഇവിടേക്ക് മാറ്റും.
ഓണത്തോടനുബന്ധിച്ച് നഗരത്തിലുണ്ടാകുന്ന തിരക്കും ഗതാഗതക്കുരുക്കും നിയന്ത്രിക്കാൻ ചില ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ട്രാഫിക്ക് പരിഷ്കരണ കമ്മിറ്റി നേരത്തേ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പൂക്കച്ചവടം വെള്ളിയാഴ്ച മുതൽ സ്റ്റേഡിയം പരിസരത്തേക്ക് മാറ്റിയ
നഗരസഭാ പരിധിയിൽ ഇവിടെ മാത്രേമ പൂക്കച്ചവടം നടത്താൻ പാടുള്ളൂ. ഇത് ലംഘിച്ചാൽ കർശന നടപടിയുണ്ടാകും. പൂക്കച്ചവടക്കാർക്ക് നഗരസഭയുടെ നേതൃത്വത്തിൽ തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു. ഈ കാർഡ് ഉള്ളവർക്ക് മാത്രമേ പൂക്കച്ചവടം നടത്താൻ അനുമതിയുള്ളൂ. തിരിച്ചറിയൽ കാർഡ് വിതരണം നഗരസഭാ ചെയർപേഴ്സൺ വി.സുജാത ഉദ്ഘാടനം ചെയ്തു. കെ.കെ.ഷമീർ അധ്യക്ഷനായിരുന്നു. കെ.അനീഷ്, കെ.വിപിൻകുമാർ, പി.ഷിജ എന്നിവർ സംസാരിച്ചു.
വഴിയോര കച്ചവടം മാറ്റും
നഗരത്തിലെ വഴിയോര കച്ചവടം തിങ്കളാഴ്ച മുതൽ ഇവിടേക്ക് മാറ്റും. ഈ ക്രമീകരണങ്ങൾക്ക് പുറമേ ആസ്പത്രിക്ക് മുന്നിലെ റോഡിൽ രണ്ടുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കി ഒരുവശത്ത് മാത്രമാക്കും. പ്രധാന റോഡുകൾക്ക് ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. ഗതാഗതം നിയന്ത്രിക്കാൻ കൂടുതൽ പോലീസിനെയും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെയും വിന്യസിക്കും. പാർക്കിങ്ങിനായി കണ്ടെത്തിയ സ്ഥലങ്ങൾ ടൗണിലെത്തുന്നവർ പ്രയോജനപ്പെടുത്തണമെന്ന് നഗരസഭാധികൃതർ ആവശ്യപ്പെട്ടു. കടകൾക്ക് മുന്നിൽ നിർത്തിയിട്ട് സാധനങ്ങൾ വാങ്ങിപ്പോകുന്ന രീതി കൂത്തുപറമ്പിലെ പരിമിതമായ സാഹചര്യത്തിൽ പ്രയാസമാണ്. ബീവറേജ് ഔട്ട്‌ലെറ്റിന് മുമ്പിലും ട്രഷറിക്ക് പിന്നിൽ മണ്ണ് നീക്കം ചെയ്ത സ്ഥലത്തും പോലീസ് സ്റ്റേഷന് സമീപത്തും ബ്ലോക്ക് ഓഫീസ് പരിസരം തുടങ്ങിയ സ്ഥലങ്ങളിൽ പാർക്കിങ്ങിനായി നിശ്ചയിച്ച സ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്ത് കടകളിൽ സാധനങ്ങൾ വാങ്ങാനെത്തുന്ന രീതി സ്വീകരിച്ച് ഓണക്കാലത്ത് നഗരസഭയോട് പൂർണമായും സഹകരിക്കണമെന്നും ആവശ്യപ്പെട്ടു