പൂർണ സാക്ഷരത ലക്ഷ്യമിട്ട് പാനൂർ ബ്ലോക്ക് പഞ്ചായത്ത്

പാനൂർ : പരിപൂർണ സാക്ഷരത നേടാൻ പാനൂർ ബ്ലോക്ക് പഞ്ചായത്തിന് പ്രത്യേക കർമപദ്ധതി. 2022-23 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് പദ്ധതിക്ക് രൂപം നൽകിയത്.
നിരക്ഷരരായിട്ടുള്ളവരെ കണ്ടെത്തുകയും സമയബന്ധിതമായ പ്രവർത്തനപരിപാടികളിലൂടെ അത്തരക്കാരെ മുഴുവൻ സാക്ഷരരാക്കി മാറ്റുകയും ചെയ്യുകയെന്നതാണ് ഈ പദ്ധതി വിഭാവനംചെയ്യുന്നത്. ഇതിന്റെ മുന്നോടിയായി ചൊക്ലി, മൊകേരി, കതിരൂർ, പന്ന്യന്നൂർ എന്നീ പഞ്ചായത്തുകളിൽ വാർഡ്തല സമിതി രൂപവത്കരിച്ചു.
സമിതി അംഗങ്ങളിൽതന്നെയുള്ള എന്യുമറേറ്റർമാരെ വിവര ശേഖരണത്തിനായി നിശ്ചയിച്ചു. അവർക്ക് വാർഡിലെ വീടുകൾ വിഭജിച്ചുനൽകുകയും ചെയ്തിട്ടുണ്ട്. തുടർന്ന് പഞ്ചായത്തുതല ശില്പശാലകൾ നടത്തും. ബ്ലോക്ക്തല ഉദ്ഘാടനം പ്രസിഡന്റ് എ. ശൈലജ നിർവഹിച്ചു.
വൈസ് പ്രസിഡൻ്റ് ടി.ടി.റംല അധ്യക്ഷത വഹിച്ചു. എന്യൂമറ്റേർക്കുള്ള പരിശീലനത്തിൽ ഡോ. കെ.വി. ശശിധരൻ, കെ.കെ.മണിലാൽ എന്നിവർ ക്ലാസെടുത്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ.എസ്.ഫൗസി, സെക്രട്ടറി ടി.വി.സുഭാഷ് എന്നിവർ സംസാരിച്ചു.