വടംവലി ദേശീയ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ടീമിൽ കൂത്തുപറമ്പ് സ്വദേശികളും

കൂത്തുപറമ്പ് : മഹാരാഷ്ട്രയിലെ പൽഘറിൽ നടന്ന ദേശീയ ജൂനിയർ, സബ് ജൂനിയർ ടഗ് ഓഫ് വാർ ചാമ്പ്യൻഷിപ്പിൽ ഓവറോൾ കിരീടം നേടിയ കേരള ടീമിൽ കൂത്തുപറമ്പുകാരും.
കൂത്തുപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ അണ്ടർ 17 ആൺകുട്ടികളുടെ ടീമിന്റെ ക്യാപ്റ്റൻ കണ്ടംകുന്നിലെ വിഷ്ണുദത്ത്, പഴയനിരത്തിലെ യദുകൃഷ്ണ, മമ്പറം എച്ച്.എസ്.എസിലെ വിദ്യാർഥിയായ ആമ്പിലാടെ അഭിനവ് കുമാർ, ചുണ്ടങ്ങാപ്പൊയിൽ ജി.എച്ച്.എസ്.എസ്. വിദ്യാർഥിനി അണ്ടർ 17 മിക്സഡ് ടീം അംഗമായ ജിയ വിനോദ് എന്നിവരാണ് കൂത്തുപറമ്പിൽനിന്ന് കേരളത്തിന് കരുത്തായത്. നാലുപേരും ടൗൺ ടീം കത്തുപറമ്പ് വടംവലി ടീമിന്റെ അംഗങ്ങളാണ്. 10 വിഭാഗങ്ങളിൽ ഒൻപതിലും സ്വർണമെഡൽ നേടിയാണ് കേരളം ഓവറോൾ ചാമ്പ്യന്മാരായത്.