കണ്ണൂർ : തലശ്ശേരിയിൽ നടക്കുന്ന സി.പി.ഐ. ജില്ലാ സമ്മേളനത്തിൽ പുതിയ സെക്രട്ടറിസ്ഥാനത്തേക്ക് രണ്ട് പേരുകൾ പരിഗണനയിൽ.
പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവും എ.ഐ.ടി.യു.സി. ജില്ലാ സെക്രട്ടറിയുമായ സി.പി. സന്തോഷ്, സംസ്ഥാന കമ്മിറ്റി അംഗവും കിസാൻസഭാ ജില്ലാ സെക്രട്ടറിയുമായ സി.പി. ഷൈജൻ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. രണ്ടുപേരും നേരത്തേ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായിരുന്നു. സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ താത്കാലിക ചുമതല നൽകിയത് സി.പി. സന്തോഷിനായിരുന്നു.
മത്സരത്തിന് സാധ്യതയില്ലെങ്കിലും ഇവരിലാരെങ്കിലും ആയിരിക്കും സെക്രട്ടറിയാവുക. നേരത്തേ സെക്രട്ടറിയായിരുന്ന പി. സന്തോഷ്‌കുമാർ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് പുതിയ സെക്രട്ടറി വേണ്ടിവന്നത്. ജില്ലാ സമ്മേളനംവരെ പി. സന്തോഷ്‌കുമാർ തുടരുകയായിരുന്നു. വിവിധ ജില്ലാ സമ്മേളനങ്ങളിൽ ചില സ്ഥലങ്ങളിൽ ചില്ലറ വിഭാഗീയത ഉണ്ടായിരുന്നെങ്കിലും കണ്ണൂരിൽ അത്തരം വിഭാഗീയതയ്ക്ക് ഒരു സ്ഥാനവുമില്ലെന്നാണ് പറയുന്നത്. സന്തോഷായാലും ഷൈജനായാലും ഇരുവരും കാനത്തിന് ഉറച്ച് പിന്തുണ നൽകുന്നവരാണ്.
75 വയസ്സ് കഴിഞ്ഞവർ വിട്ടുനിൽക്കേണ്ടി വന്നാൽ എക്സിക്യുട്ടീവ് കമ്മിറ്റിയിൽനിന്ന് താവം ബാലകൃഷ്ണൻ, സി. രവീന്ദ്രൻ, എം. ഗംഗാധരൻ, ഗംഗാധരൻ കൂത്തുപറമ്പ് തുടങ്ങിയവർ സ്ഥാനം ഒഴിയേണ്ടിവരും. 20 ശതമാനം പേരെങ്കിലും ഇങ്ങനെ മാറിനിൽക്കേണ്ടിവരും. പുതിയ ആൾക്കാർ പകരംവരും യുവാക്കൾക്ക് മുൻഗണന നൽകിയേക്കും. പയ്യന്നൂർ, ആലക്കോട്, കല്യാശ്ശേരി, ഇരിക്കൂർ, ഇരിട്ടി, പേരാവൂർ, മട്ടന്നൂർ, കൂത്തുപറമ്പ്, തലശ്ശേരി, എടക്കാട്. കണ്ണൂർ, അഴീക്കോട് തുടങ്ങിയ മണ്ഡലം സമ്മേളനങ്ങളിൽ എവിടെയും കാര്യമായ പ്രശ്നങ്ങൾ ഉണ്ടായില്ല. നാലഞ്ച് സ്ഥലങ്ങളിൽ പുതിയ സെക്രട്ടറിമാർ വരികയും ചെയ്തു.
സി.പി.എമ്മിൽനിന്ന് രാജിവെച്ച് സി.പി.ഐ.യിലേക്ക് ചില പ്രാദേശിക നേതാക്കൾ കടന്നുവന്നത് കണ്ണൂരിൽ സി.പി.ഐ.ക്ക് വലിയ നേട്ടമായിരുന്നു. അഴീക്കോട് തളിപ്പറമ്പ്, ആലക്കോട്, ഇരിക്കൂർ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് ചെറിയ ഗ്രൂപ്പുകൾ സി.പി.എം. വിട്ട് സി.പി.ഐ.യിൽ ചേർന്നിരുന്നു. പാന്തംകുണ്ടിലും മറ്റും മുരളീധരൻ കോമത്തിനെ പോലുള്ളവർ സി.പി.ഐ.യിൽ ചേർന്നത് സി.പി.എമ്മിൽതന്നെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
കണ്ണൂരിൽ നിയമസഭാ സീറ്റ് സി.പി.ഐ.ക്ക് നഷ്ടപ്പെട്ടതും ആനിരാജയ്ക്കെതിരേ കാനത്തിന്റെ പരാമർശവും ഇക്കുറി സമ്മേളനങ്ങളിൽ വലിയ ചർച്ചയാവാൻ സാധ്യതയുണ്ട്. നിയമസഭയിൽ എം.എം. മണി കെ.കെ. രമയ്ക്കെതിരേ നടത്തിയ പരാമർശത്തിൽ ആനിരാജ രമയ്ക്ക് അനുകൂലമായി സംസാരിച്ചതാണ് വിവാദമായത്.
തലശ്ശേരിയിൽ ഇന്ന് തുടങ്ങും
തലശ്ശേരി : സി.പി.ഐ. ജില്ലാ സമ്മേളനം തലശ്ശേരിയിൽ ബുധനാഴ്ച തുടങ്ങും. ഉച്ചയ്ക്ക് പാറപ്രത്തുനിന്ന് പതാകജാഥയും തലശ്ശേരി ജവാഹർഘട്ടിൽനിന്ന് കൊടിമരജാഥയും പുറപ്പെടും. പതാകജാഥ സി.എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. എൻ. ഉഷ പതാക ഏറ്റുവാങ്ങും. കൊടിമരജാഥ സി.പി. മുരളി ഉദ്ഘാടനം ചെയ്യും.
താവം ബാലകൃഷ്ണൻ കൊടിമരം ഏറ്റുവാങ്ങും. വൈകീട്ട് നാലിന് പൊതുസമ്മേളനം തലശ്ശേരി പുതിയ ബസ്‌സ്റ്റാൻഡ് പരിസരം സി.പി.ഐ. കൺട്രോൾ കമ്മീഷൻ അംഗം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. മുൻ ജില്ലാ സെക്രട്ടറി സി. രവീന്ദ്രൻ പതാക ഉയർത്തും. ചലച്ചിത്ര പിന്നണിഗായിക പ്രിയ ബൈജുവിന്റെ നേതൃത്വത്തിൽ സംഗീതശില്പം അവതരിപ്പിക്കും.
സംഗീതശില്പത്തിന്റെ പരിശീലനം ഒരാഴ്ചയായി തലശ്ശേരി എൻ.ഇ. ബാലറാം സ്മാരക മന്ദിരത്തിൽ നടന്നുവരികയാണ്. തലശ്ശേരിയുടെ ഇന്നലെകളെക്കുറിച്ച് തോമസ് കേളംകൂറിന്റെതാണ് രചന. ബിന്ദു വേണുപാൽ രംഗാവിഷ്കാരം നിർവഹിക്കും. എരഞ്ഞോളി ചുങ്കം ഓറിയ ഓഡിറ്റോറിയത്തിൽ വ്യാഴാഴ്ച 9.30-ന് പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സെപ്റ്റംബർ രണ്ടിന് പ്രതിനിധി സമ്മേളനം സമാപിക്കും.