രണ്ടുമാസം പഴങ്ങളും പച്ചക്കറികളും കേടുകൂടാതെ സൂക്ഷിക്കാം

ദിവസങ്ങളോളം പഴങ്ങളും പച്ചക്കറികളും കേടുകൂടാതെ സൂക്ഷിക്കുക എന്നത് ശ്രമകരമായ കാര്യമാണ്. ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ പോലും അതിന് പരിമിതി ഉണ്ട്. എന്നാല്‍, രണ്ട് മാസത്തോളം പഴങ്ങളും പച്ചക്കറികളും കേടുകൂടാതെ സൂക്ഷിക്കുന്നതിന് പുതിയ സംവിധാനം കണ്ടെത്തിയിരിക്കുകയാണ് ഗുവാഹാട്ടിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(ഐ.ഐ.ടി.). പഴങ്ങളും പച്ചക്കറികളും പൊതിഞ്ഞ് സൂക്ഷിക്കാന്‍ കഴിയുന്ന കോട്ടിങ്ങാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.
പഴങ്ങളും പച്ചക്കറികളും പൊതിഞ്ഞ് സൂക്ഷിക്കാന്‍ കഴിയുന്ന, മണ്ണില്‍ അലിഞ്ഞു ചേരുന്നതും ഭക്ഷ്യയോഗ്യവുമായ സംവിധാനമാണ് ഐ.ഐ.ടി.യിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്തത്. ഉരുളക്കിഴങ്ങ്, തക്കാളി, പച്ചമുളക്, സ്‌ട്രോബെറി, ഓറഞ്ച്, ആപ്പിള്‍, കൈതച്ചക്ക, കിവി എന്നിവയെല്ലാം ഈ സംവിധാനത്തിലൂടെ രണ്ട് മാസത്തോളം കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിഞ്ഞുവെന്ന് ഗവേഷകര്‍ അവകാശപ്പെട്ടു.
ഗവേഷണ ഫലം റോയല്‍ സൊസൈറ്റി ഓഫ് കെമിസ്ട്രി അഡ് വാന്‍സസ്; ഫുഡ് പാക്കേജിങ് ആന്‍ഡ് ഷെല്‍ഫ് ലൈഫ്, അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റീസ് ഫുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളി എന്നീ ജേണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭക്ഷണം പാഴാക്കി കളയുന്നത് തടയാനും രാജ്യത്തിന്റെ സുസ്ഥിര വികസന ലക്ഷ്യം(എസ്.ഡി.ജി) നേടുന്നതിനും പുതിയ കണ്ടെത്തല്‍ സഹായിക്കുമെന്ന് കരുതുന്നു.
കടലിലുള്ള മൈക്രോ ആല്‍ഗയില്‍ നിന്ന് വേര്‍തിരിച്ചെടുത്ത സത്തും പോളിസൈക്കറൈഡും ചേര്‍ത്താണ് ഈ കോട്ടിങ് നിര്‍മിച്ചിരിക്കുന്നത്. ആന്റിഓക്‌സിഡന്റുകള്‍ക്ക് പുറമെ കരോറ്റനോയിഡ്, പ്രോട്ടീനുകള്‍, പോളിസാക്കറൈഡുകള്‍ എന്നിവയെല്ലാം ഈ ആല്‍ഗയില്‍ അടങ്ങിയിട്ടുണ്ട്.
ജലസാന്നിധ്യം തടയുന്നതിനും ചൂട് നിയന്ത്രിക്കുന്നതിനും ഈ കോട്ടിങ്ങിന് കഴിവുണ്ട്. ഇത് കൂടുതലായി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നും പ്രകാശം, ചൂട് എന്നിവയെ പ്രതിരോധിക്കാനും 40 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയില്‍ കേടുകൂടാതെ ഇരിക്കുമെന്നും ഐ.ഐ.ടി. ഗുവാഹാട്ടിയിലെ കെമിക്കല്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ടമെന്റിലെ പ്രൊഫസര്‍ വിമല്‍ കടിയാര്‍ പറഞ്ഞു.