അപകടത്തിൽ മകൻ നഷ്ടമായ വീട്ടമ്മയ്ക്ക് സഹായവുമായി തലശേരിയിലെ കൂട്ടായ്മ

Share our post

തലശ്ശേരി : അപകടത്തിൽ മകൻ നഷ്ടപ്പെട്ട വീട്ടമ്മയ്ക്ക് ചികിത്സയ്ക്കും വീടിന്റെ നിർമാണത്തിനും സഹായവുമായി തലശ്ശേരി എൻജിനിയറിങ് കോളേജിലെ പൂർവവിദ്യാർഥി കൂട്ടായ്മ. എരഞ്ഞോളി മലാലിലെ കാട്ടിൽപറമ്പത്ത് പി.ടി.അനിതയ്ക്കാണ് കൂട്ടായ്മ സഹായവുമായി രംഗത്തെത്തിയത്.

കൂട്ടായ്മയുടെ നേതൃത്വത്തിൽ എട്ടുലക്ഷം രൂപ ഇതിനായി സമാഹരിച്ചു. നാഡീസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായ അനിതയുടെ ശസ്ത്രക്രിയ കഴിഞ്ഞ ദിവസം തലശ്ശേരി സഹകരണ ആസ്പത്രിയിൽ നടത്തി. 1.58ലക്ഷം രൂപ ചികിത്സയ്ക്ക് ചെലവായി. പഞ്ചായത്തിൽനിന്ന് ലഭിച്ച തുക ഉപയോഗിച്ച് വീടിന്റെ നിർമാണം തുടങ്ങിയെങ്കിലും പൂർത്തിയാക്കാനായില്ല.

വീട്ടിൽ വൈദ്യുതിയുമില്ല. പാതിവഴിയിലായ വീടിന്റെ നിർമാണം ഉടൻ പൂർത്തിയാക്കാനാണ് കൂട്ടായ്മയുടെ തീരുമാനം. അടുത്ത ദിവസം നിർമാണപ്രവൃത്തി തുടങ്ങും. അതിനുശേഷം ബാക്കി വരുന്ന തുക അനിതയുടെ പേരിൽ നിക്ഷേപിക്കാനാണ് തീരുമാനം. തലശ്ശേരി-മാഹി ബൈപ്പാസ് കടന്നുപോകുന്ന വഴിയിൽ ചോനാടത്തിന് സമീപം ഒരു മാസം മുൻപ് ബൈക്കപകടത്തിലാണ് അനിതയുടെ മകൻ വൈഷ്ണവ് മരിച്ചത്.

എ.എൻ.ഷംസീർ എം.എൽ.എ. വീട് സന്ദർശിച്ചപ്പോഴാണ് കുടുംബത്തിന്റെ ദയനീയാവസ്ഥ മനസ്സിലാക്കിയത്. എൻജിനിയറിങ് കോളേജ് പൂർവവിദ്യാർഥികളായ എസ്.കെ.അർജുൻ, കെ.ആർ.റിനിൽ എന്നിവരുടെ നേതൃത്വത്തിലാണ് ധനസമാഹരണം. കോളേജ് അലുംനിയുടെ നേതൃത്വത്തിൽ പൂർവവിദ്യാർഥികളുമായി ബന്ധപ്പെട്ടാണ് ധനസമാഹരണം നടത്തുന്നത്.

എൻജിനിയറിങ് കോളേജ് കാന്റീനിലെ താത്‌കാലിക ജീവനക്കാരിയായിരുന്നു അനിത. ഭർത്താവ് രാജന് കൂലിപ്പണിയാണ്. മൂത്ത മകനാണ് അപകടത്തിൽ മരിച്ച വൈഷ്ണവ്. മകളുടെ വിവാഹം കഴിഞ്ഞു. മറ്റൊരു മകൻ പത്താംക്ലാസ് വിദ്യാർഥിയാണ്. ശസ്ത്രക്രിയ കഴിഞ്ഞ അനിത വടകരയിൽ സഹോദരിയുടെ വീട്ടിലാണ് താമസം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!