ഓണത്തിരക്ക് നിയന്ത്രിക്കാൻ തലശേരിയിൽ ക്രമീകരണം

തലശേരി : ഓണത്തിന്റെ ഭാഗമായി തലശ്ശേരിയിൽ തിരക്ക് നിയന്ത്രിക്കാൻ നഗരസഭാ ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചു. തലശ്ശേരി ടൗൺഹാളിന് സമീപം സർക്കസ് മൈതാനം, ലോഗൻസ് റോഡിൽ ഗ്രാന്മ പി.എസ്.സി. പരിശീലന കേന്ദ്രത്തിന് സമീപമുള്ള മൈതാനം, മുകുന്ദ് ടാക്കീസ് പൊളിച്ച് നിർമിച്ച കെട്ടിടത്തിന്റെ അടിഭാഗത്തുള്ള സ്ഥലം എന്നിവിടങ്ങളിൽ സൗജന്യമായി വാഹനം നിർത്തിയിടാം.
ചന്ദ്രവിലാസ് ഹോട്ടലിന് മുൻവശത്തുള്ള പാർക്കിങ് മൈതാനം പണം നൽകി ഉപയോഗിക്കാം. ഓണം അവധിക്കാലത്ത് നഗരത്തിലെ സ്കൂൾ മൈതാനങ്ങൾ പാർക്കിങ്ങിനായി ഉപയോഗിക്കാം. താത്പര്യമുള്ള സ്വകാര്യ വ്യക്തികൾ സന്നദ്ധമായാൽ പണം നൽകിയുള്ള വാഹന പാർക്കിങ് പ്രോത്സാഹിപ്പിക്കും.
പൂവിൽപ്പന ഉൾപ്പടെയുള്ള തെരുവ്കച്ചവടം പഴയ ബസ് സ്റ്റാൻഡ്, സി.സി.ഉസ്മാൻ റോഡിന്റെ ഇരുവശങ്ങൾ, ഗുണ്ടർട്ട് പാർക്ക് പരിസരം, കലാം സർക്കിൾ, പുതിയ ബസ്‌സ്റ്റാൻഡ് സ്റ്റേജ് പരിസരം എന്നിവിടങ്ങളിൽ ക്രമീകരിക്കും. പാർക്കിങ് നിരോധിച്ച സ്ഥലങ്ങളിൽ നോ പാർക്കിങ് ബോർഡുകൾ സ്ഥാപിക്കും.
തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ പോലീസിനെ നിയോഗിക്കും. അത്യാവശ്യഘട്ടങ്ങളിൽ എൻ.സി.സി, എസ്.പി.സി. എന്നിവയുടെ സേവനം ഉപയോഗപ്പെടുത്തും. അനധികൃത പാർക്കിങ്, സ്റ്റോപ്പില്ലാത്ത സ്ഥലങ്ങളിൽ ബസ് നിർത്തി ആളുകളെ കയറ്റുക തുടങ്ങിയവയ്ക്കെതിരെ നടപടി സ്വീകരിക്കും.
യോഗത്തിൽ നഗരസഭാ ചെയർമാൻ കെ.എം.ജമുനാറാണി അധ്യക്ഷയായിരുന്നു. നഗരസഭ വൈസ് ചെയർമാൻ വാഴയിൽ ശശി, തലശ്ശേരി പോലീസ് ഇൻസ്പെക്ടർ അനിൽകുമാർ, റവന്യു, നഗരസഭ, ട്രാഫിക്ക്, മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.