ലഹരി ഉപയോഗത്തെ പ്രതിരോധിക്കാൻ പൊന്ന്യം പാലം മഹല്ല് കമ്മിറ്റി
പാനൂർ : ജില്ലയിൽ ലഹരി മാഫിയ പിടിമുറുക്കുകയും യുവാക്കൾ ലഹരിക്ക് അടിപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ പൊന്ന്യംപാലം പുഴക്കൽ മഹല്ല് കമ്മിറ്റി പ്രതിരോധ നടപടികൾ ശക്തമാക്കാൻ തീരുമാനിച്ചു. പന്ന്യന്നൂർ പഞ്ചായത്തുമായി സഹകരിച്ച് യോഗം വിളിക്കാനും മഹല്ലിലെ മുഴുവൻ വീടുകളും സന്ദർശിച്ച് ലഘുലേഖ വിതരണം ചെയ്ത് ബോധവത്കരണം നടത്താനുമാണ് തീരുമാനം. ലഹരിക്കെതിരെ പ്രദേശത്ത് ബോധവൽക്കരണ യാത്ര സംഘടിപ്പിക്കും.
എല്ലാ മേഖലകളിലും ശക്തമായ നിരീക്ഷണങ്ങളും പോലീസ് എക്‌സൈസ് അധികൃതരെ ഉപയോഗിച്ച് കർക്കശ നിലപാടുകളും സ്വീകരിക്കും. യോഗത്തിൽ മഹല്ല് പ്രസിഡന്റ് കെ. നൂറുദ്ദീൻ അധ്യക്ഷത വഹിച്ചു. മഹല്ല് സെക്രട്ടറി നാസർ കോട്ടയിൽ, മഹല്ല് ഖത്തീബ് റഫീക്ക് മൗലവി, ടി.ടി. അലി ഹാജി, പി.എം. അഷ്‌റഫ്, ടി.ടി. അസ്‌ക്കർ, വി.ടി. ഉസ്മാൻ, റഫീഖ് പാറയിൽ, പി. സുലൈമാൻ മൗലവി, അഷ്‌റഫ് മൗലവി എന്നിവർ സംസാരിച്ചു.