സ്മാർട്ടായി കണിച്ചാർ പഞ്ചായത്ത്

കണിച്ചാർ: കണിച്ചാർ പഞ്ചായത്തിലെ ശുചിത്വ മാലിന്യ സംസ്ക്കരണ സംവിധാനം ഡിജിറ്റലായി. ഹരിതകേരള മിഷൻ, ശുചിത്വ മിഷൻ, കെൽട്രോൺ എന്നിവയുടെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ഓരോ വീട്ടിലും സ്ഥാപനത്തിലും ക്യു.ആർ കോഡ് പതിപ്പിക്കും. ഇതോടെ പ്രതിമാസ പാഴ് വസ്തു ശേഖരണ വിവരങ്ങൾ വിരൽ തുമ്പിൽ ലഭ്യമാകും. ക്യു.ആർ പതിപ്പിക്കുന്നതോടൊപ്പം ശുചിത്വ സർവ്വേയും ആപ്ലിക്കേഷൻ വഴി ശേഖരിക്കും.
സമ്പൂർണ്ണ ശുചിത്വ ഡി.പി.ആർ തയ്യാറാക്കിയ പഞ്ചായത്താണ് കണിച്ചാർ. മാലിന്യ സംസ്ക്കരണ പ്രവർത്തനം നടപ്പിലാക്കുന്നതോടെ ശുചിത്വ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാകും. വരും ദിവസങ്ങളിൽ പഞ്ചായത്തിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ഹരിത കർമ്മസേന വഴി ക്യു.ആർ കോഡ് പതിപ്പിക്കും.ആപ്പിന്റെ പ്രവർത്തനം പഞ്ചായത്ത് ഓഫീസിൽ ക്യു.ആർ കോഡ് പതിപ്പിച്ചു ജില്ലാ പഞ്ചായത്ത് അംഗം വി. ഗീത ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഷാന്റി തോമസ്, സെക്രട്ടറി പ്രദീപൻ, വി.ഇ.ഒ അജിത് തുടങ്ങിയവർ സംസാരിച്ചു.