തലശേരിയിൽ മോഷണക്കേസ് പ്രതികൾ പിടിയിൽ

Share our post

തലശ്ശേരി: വിവിധ മോഷണക്കേസുകളിലായി രണ്ടുപേരെ ന്യൂമാഹി പൊലീസ് പിടികൂടി. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ കൊളശ്ശേരി കോമത്തു പാറയിൽവാടക വീട്ടിൽ താമസക്കാരനായ പറമ്പത്ത് ഹൗസിൽ നൗഷാദ് (38), ആഡംബര സൈക്കിളുകൾ മോഷണം നടത്തിയതിന് കോമത്ത് പാറയിലെ കാളമ്പത്ത് വീട്ടിൽ കെ.വി. മജീദ് (55) എന്നിവരെയാണ് ന്യൂ മാഹി പൊലീസ് പിടികൂടിയത്.

ഒരു വർഷം മുമ്പ് മാടപ്പീടിക ഗുംട്ടിയിലെ നീതി സ്റ്റോറിൽ ജീവനക്കാരിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു കടന്ന കേസിലാണ് നൗഷാദിനെ പൊലീസ് പിടികൂടിയത്. കണ്ണൂരിൽ നിന്നും ബൈക്ക് മോഷ്ടിച്ച കേസിൽ ഇയാൾ ശിക്ഷിക്കപ്പെട്ടിരുന്നു. മോഷ്ടിച്ച മൊബൈൽ ഫോൺ വിൽപന നടത്തുന്ന സംഘം ഇയാൾക്ക് പിന്നിൽ പ്രവർത്തിക്കുന്നതായി പൊലീസ് പറഞ്ഞു.

മോഷണ മൊബൈലുകൾ കോയമ്പത്തൂരിലെത്തി അവിടെയുള്ള സംഘത്തിന് കൈമാറി വിൽപന നടത്തുകയാണ് പതിവ്. തിരുട്ടു ഗ്രാമത്തിൽ മോഷണ മൊബൈലുകൾ വിൽപന നടത്തുന്ന കടകളും പ്രവർത്തിച്ചു വരുന്നുണ്ട്.കഴിഞ്ഞ അഞ്ചു വർഷമായി ജില്ലയിൽ പ്രവർത്തിച്ചു വരുന്ന മോഷണ സംഘത്തിലെ തലവനാണ് പിടിയിലായ നൗഷാദ്.

ജില്ലയിലെ ബൈക്ക്, മൊബൈൽ ഫോൺ മോഷണവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തിവരുകയാണെന്ന് പൊലീസ് പറഞ്ഞു. കടകൾ, നിർമാണ പ്രവൃത്തി നടക്കുന്ന വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലായി ജോലിക്കെത്തുന്നവരുടെ ഫോണുകളാണ് ഏറെയും മോഷ്ടിക്കുന്നത്.

മൂഴിക്കര ആയിഷ മൻസിലിൽ നൗഫലിന്റെ വീട്ടുമുറ്റത്തു നിന്നും 15,000 രൂപ വില വരുന്ന ആഡംബര സൈക്കിളുകൾ മോഷണം നടത്തിയതിനാണ് മജീദിനെ പൊലീസ് പിടികൂടിയത്.ന്യൂ മാഹി പ്രിൻസിപ്പൽ എസ്.ഐ ടി.എം. വിപിൻ, എ.എസ്.ഐ രാജീവൻ, സി.പി.ഒ ഷിജിൽ, സി.പി.ഒ പ്രമോദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!