വിഷരഹിത പച്ചക്കറി ഉറപ്പാക്കാൻ കൃഷിയിടങ്ങളിൽ പരിശോധന

കൂത്തുപറമ്പ് : ഓണവിപണിയിൽ വിഷരഹിത പച്ചക്കറി ഉറപ്പാക്കുന്നതിന്റെ ഭാഗമായി കൃഷിയിടങ്ങളിൽ പരിശോധന നടത്തി. കൃഷിവകുപ്പിന്റെയും കൂത്തുപറമ്പ് സുരക്ഷ ജൈവ കർഷക മാർക്കറ്റിങ് സൊസൈറ്റിയുടെയും നേതൃത്വത്തിലാണ് കൃഷിയിടങ്ങൾ സന്ദർശിച്ച് പരിശോധനയ്ക്കായി സാമ്പിൾ ശേഖരിച്ചത്.
കൂത്തുപറമ്പ് ബ്ലോക്കിലെ ജൈവകർഷക കൂട്ടായ്മയിൽ പ്രവർത്തിക്കുന്ന സുരക്ഷ ജൈവ കർഷക മാർക്കറ്റിങ് സൊസൈറ്റിയിൽ സ്ഥിരമായി പച്ചക്കറികൾ നൽകുന്ന കർഷകരുടെ കൃഷിയിടങ്ങളാണ് സന്ദർശിച്ചത്.
ശേഖരിച്ച സാമ്പിളുകൾ തിരുവനന്തപുരം വെള്ളായണി കാർഷിക സർവകലാശാലയിലെ ലാബിലയച്ചു. ഒരാഴ്ചക്കകം പരിശോധനാ ഫലം ലഭിക്കും.
മാങ്ങാട്ടിടം കൃഷി ഓഫീസർ എ. സൗമ്യ, സൊസൈറ്റി പ്രസിഡന്റ് പന്നിയോടൻ ചന്ദ്രൻ, വൈസ് പ്രസിഡൻറ് കെ. രാജൻ, കൃഷി അസിസ്റ്റന്റ് ആർ. സന്തോഷ്‌കുമാർ, സി.കെ.ബി. തിലകൻ എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.