ഒന്നാകാൻ സായൂജ്യം മാംഗല്യ പദ്ധതി: സേവനം പഞ്ചായത്തിന്‌ പുറത്തുള്ളവർക്കും

Share our post

പിണറായി : 35 വയസ് കഴിഞ്ഞവർക്കും പങ്കാളി മരിച്ചതോ നിയമപരമായി ബന്ധം വേർപ്പെടുത്തിയതോ ആയ പുനർവിവാഹം ആഗ്രഹിക്കുന്നവർക്കും വധൂവരന്മാരെ കണ്ടെത്താൻ പിണറായി പഞ്ചായത്തിന്റെ സായൂജ്യം വെബ്സൈറ്റ്. 25 വയസ്സിന് മുകളിലുള്ള യുവതികൾക്കും യോജിച്ച വരനെ കണ്ടെത്താൻ ഇതിലൂടെ സാധിക്കും. സംസ്ഥാനത്ത്‌ ജില്ലാ ആസൂത്രണ സമിതി അംഗീകാരത്തോടെ ആദ്യമായി നടപ്പാക്കുന്ന പദ്ധതിയാണിത്. പദ്ധതിയുടെ സേവനം പഞ്ചായത്തിന്‌ പുറത്തുള്ളവർക്കും ലഭിക്കും. വെബ്സൈറ്റുവഴിയും നേരിട്ടും സൗജന്യമായി രജിസ്റ്റർ ചെയ്യാം.

‘ഒന്നാകുന്ന മനസ്; ഒന്നുചേരുന്ന കുടുംബബന്ധങ്ങൾ’ എന്ന അടിക്കുറിപ്പോടെയാണ് സായൂജ്യം മാട്രിമോണി തയ്യാറാക്കിയത്. സൗജന്യമായി കണ്ണൂരിലെ ജെകെഎൽ ഇൻഫോ സൊല്യൂഷൻ ഉടമ അതുൽ ലക്ഷ്മണാണ് വെബ്സൈറ്റ് രൂപകൽപ്പന ചെയ്‌തത്‌. ഒരാഴ്ചക്കുള്ളിൽ നാനൂറിലധികം ആളുകൾ സൈറ്റിൽ രജിസ്റ്റർ ചെയ്തു. പങ്കാളിയെ തെരഞ്ഞെടുത്ത് കഴിഞ്ഞാൽ പരസ്പരം കാണാനുള്ള അവസരമൊരുക്കും. മറ്റു തടസ്സങ്ങളില്ലെങ്കിൽ അടുത്തഘട്ടമായി ഇരുവർക്കും കൗൺസലിങ് നടത്തും.  

സ്ത്രീധന സമ്പ്രദായംപോലുള്ള സാമൂഹ്യ തിന്മകൾക്കെതിരെയുള്ള നീക്കം കൂടിയാണ് പദ്ധതി. വെബ്സൈറ്റ് പിണറായി കൺവൻഷൻ സെന്ററിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനംചെയ്‌തു.  

പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവൻ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ ഉപഹാരം നൽകി. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ടി.ജെ. അരുൺ രജിസ്ട്രേഷൻ സ്വീകരിച്ചു. 

ജില്ലാ പഞ്ചായത്തംഗങ്ങളായ കോങ്കി രവീന്ദ്രൻ, ചന്ദ്രൻ കല്ലാട്ട്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. ഗീത, എ.വി. ഷീബ, ടി. സജിത, പി.വി. പ്രേമവല്ലി, സെക്രട്ടറി സി.പി. സജീവൻ, വി. ലീല, കെ.പി. സദു, എം.പി. മോഹനൻ, സി.എം. സജിത, ടി. നിസാർ അഹമ്മദ്, മുരിക്കോളി പവിത്രൻ, നെല്ലിക്ക അനിത എന്നിവർ സംസാരിച്ചു. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!