മൂന്നരവർഷം കഴിഞ്ഞിട്ടും പണി പൂർത്തിയാകാതെ ഓടന്തോട്, വളയഞ്ചാൽ പാലങ്ങൾ

കണിച്ചാർ : ഓടന്തോടും വളയഞ്ചാലും പാലംപണി തുടങ്ങിയിട്ട് മൂന്നുവർഷത്തിലേറെയായി. ഇതേ പാലങ്ങൾക്കൊപ്പം നിർമാണം തുടങ്ങിയ മമ്പറം പാലത്തിന്റെ നിർമാണം പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്തിട്ട് ഒരുവർഷമായി. 18 മാസം കൊണ്ട് പ്രവൃത്തി പൂർത്തിയാക്കുമെന്നായിരുന്നു പ്രവൃത്തി ഉദ്ഘാടനച്ചടങ്ങിലെ പ്രഖ്യാപനം.
ഓടന്തോട് പാലം
ഓടന്തോട്ടിൽ നിലവിലുണ്ടായിരുന്ന ചപ്പാത്ത് തകർത്താണ് പാലം നിർമാണം നടത്തുന്നത്. ജനങ്ങളുടെ സഞ്ചാരം തടഞ്ഞ് തുടങ്ങിയ പാലത്തിന്റെ പണി പൂർത്തിയാക്കാത്തതിനാൽ പ്രദേശവാസികൾ വലിയ പ്രതിഷേധത്തിലാണ്.
ഓടന്തോടിനെ ആറളം ഫാമുമായി ബന്ധിപ്പിക്കുന്ന പാലം പണി 2019 ഫെബ്രുവരി 14-നാണ് തുടങ്ങിയത്. 80 ശതമാനം പ്രവൃത്തികൾ തകൃതിയിൽ നടന്നിരുന്നെങ്കിലും ഒരുവർഷമായി പേരിനുമാത്രമാണ് പണികൾ.
ഫണ്ട് ലഭിക്കാത്തതാണ് പ്രശ്നമെന്ന് അധികൃതർ പറയുന്നു. രണ്ട് പാലങ്ങളുടെയും പ്രവൃത്തി ഉദ്‌ഘാടനം അന്നത്തെ മന്ത്രി എ.കെ. ബാലൻ നിർവഹിച്ചു. ഓടന്തോട്ടിൽ ഒരുമാസംകൊണ്ട് തീർക്കാവുന്ന പണികൾ മാത്രമെ ബാക്കിയുള്ളൂവെന്നാണ് നാട്ടുകാർ പറയുന്നത്. അനുബന്ധ റോഡ്, കൈവരികൾ തുടങ്ങിയവയാണ് ഇനി നിർമിക്കാനുള്ളത്. ആറളം പുനരധിവാസ മേഖലയിൽ താമസിക്കുന്നവർക്ക് പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചേരാനുള്ള എളുപ്പവഴിയാണിത്. അഗ്നിരക്ഷാസേനയടക്കമുള്ള സംവിധാനങ്ങൾക്ക് വേഗത്തിൽ ഫാമിലെത്താനുള്ള വഴിയും ഇതുതന്നെ.
വളയഞ്ചാൽ പാലം
തുടക്കത്തിൽ ഇഴഞ്ഞുനീങ്ങിയ വളയഞ്ചാൽ പാലത്തിന്റെ പ്രവൃത്തികൾക്ക് താരതമ്യേന വേഗം കൈവന്നു. പാലത്തിന്റെ മൂന്ന് സ്പാനുകളും നിർമിച്ച് ഇരുകരകളും കൂട്ടിമുട്ടിച്ച നിലയിലെത്തി. നേരത്തെ കേളകം ഭാഗത്ത് സ്ഥലമേറ്റെടുപ്പ് വൈകിയതിനെത്തുടർന്ന് ഇവിടെ പ്രവൃത്തികൾ വൈകി. കളക്ടർ ഇടപെട്ട് കഴിഞ്ഞ ഒക്ടോബറിലാണ് സ്ഥലമേറ്റെടുത്തത്. എങ്കിലും പ്രവൃത്തി തുടങ്ങാൻ വീണ്ടും വൈകി.
അപകടാവസ്ഥയിലുള്ള തൂക്കുപാലമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഇരുപാലങ്ങളുടെയും നിർമാണം നടത്തുന്നത് ‘കിറ്റ്കോ’ യാണ്. ആറളം ഫാമിൽ 38.02 കോടി രൂപയിൽ നബാർഡ് നടപ്പാക്കുന്ന ബൃഹത്തായ പദ്ധതികളുടെ ഭാഗമായാണ് ഇരുപാലങ്ങളും നിർമിക്കുന്നത്. 10 കോടിയോളം രൂപയാണ് ചെലവ്. ഓടന്തോട് പാലത്തിന് ആറുകോടി രൂപയും വളയഞ്ചാലിൽ നാലുകോടി രൂപയുമാണ്.