യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; വഴിയരികിൽ ചതിക്കുഴിയുണ്ട്

ചിറ്റാരിപ്പറമ്പ് : തലശ്ശേരി-ബാവലി റോഡിൽ കണ്ണവം കള്ളുഷാപ്പിന് സമീപത്തുള്ള വളവിൽ റോഡരികിലുള്ള വലിയ കുഴി കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി.
കഴിഞ്ഞദിവസം കണ്ണവം ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോ എതിർദിശയിൽ വന്ന വാഹനത്തിന് വശംകൊടുത്തപ്പോൾ കുഴിയിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക് പരിക്കേറ്റിരുന്നു. കുഴിയിൽ വീണ ഓട്ടോ മൂന്നുവട്ടം തലകീഴായി മറിഞ്ഞ് 10 മീറ്റർ അകലെയാണ് നിന്നത്. ഓട്ടോ പൂർണമായും തകർന്നു.
കഴിഞ്ഞവർഷം റോഡരികിലുള്ള കുഴി താത്‌കാലികമായി നികത്തിയിരുന്നു. ഈ വർഷത്തെ കനത്ത മഴയിൽ വെള്ളം കുത്തിയൊഴുകിയാണ് റോഡരിക് വീണ്ടും വലിയ കുഴിയായി മാറിയത്.
10 വർഷം മുൻപ് മെക്കാഡം ടാറിങ് നടത്തിയ റോഡിന്റെ ഒരുവശത്ത് 10 മീറ്ററോളം നീളത്തിലാണ് വലിയ കുഴിയുള്ളത്. റോഡിന് ഇരുവശവും ഓവുചാലുകൾ ഇല്ലാത്തതിനാൽ മഴവെള്ളം കുത്തിയൊലിച്ചാണ് റോഡരിക് അരമീറ്റർ താഴ്ചയുള്ള കുഴിയായി മാറിയത്.
ടാറിങ്ങിന് അടിയിലുള്ള കരിങ്കൽ കല്ലുകളും ഒലിച്ചുപോയ നിലയിലാണ്. രാത്രിയും പകലുമായി നിരവധി വാഹനങ്ങൾ കടന്നുപോകുന്നത് ഇതുവഴിയാണ്. വളവിൽ വാഹനങ്ങൾ റോഡരികിലേക്ക് പെട്ടെന്ന് വെട്ടിച്ചാൽ വലിയ അപകടമാണ് ഉണ്ടാക്കുക.