മുക്കുപണ്ടത്തിൽ സ്വർണംപൂശി ബാങ്കുകളിൽനിന്ന് മൂന്നുകോടി രൂപ തട്ടിയ രണ്ടുപേർ അറസ്റ്റിൽ

Share our post

കൂത്തുപറമ്പ്: മുക്കുപണ്ടത്തിൽ സ്വർണംപൂശി ബാങ്കുകളിൽ പണയംവെച്ച് വൻതുക തട്ടിയെടുത്ത കേസിൽ രണ്ടുപേരെ കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. പാറാലിലെ പടിഞ്ഞാറ്റന്റവിടയിൽ പി.ശോഭന (57), നരവൂർ വാഴയിൽ ഹൗസിൽ അഫ്സൽ (29) എന്നിവരെയാണ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്.

വൻ സംഘം തട്ടിപ്പിന് പിന്നിലുണ്ടെന്നും മൂന്നുകോടിയോളം രൂപ വിവിധ ബാങ്കുകളിൽനിന്ന് തട്ടിയെടുത്തിട്ടുണ്ടാകാമെന്നുമാണ് പോലീസിന്റെ നിഗമനം. കൂത്തുപറമ്പ് കോ-ഓപ്പറേറ്റീവ് അർബൻബാങ്ക്, തലശ്ശേരി താലൂക്ക് അഗ്രിക്കൾച്ചറൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവയുടെ സെക്രട്ടറിമാർ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.

അഫ്സലിനെ ബത്തേരിയിലെ റിസോർട്ടിൽനിന്നും ശോഭനയെ കൂത്തുപറമ്പ് ടൗണിൽനിന്നുമാണ് അറസ്റ്റ് ചെയ്തത്. എസ്.ഐ. കെ.ടി. സന്ദീപ്, എ.എസ്.ഐ.മാരായ ഷനിൽ, പ്രദീപൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. അഫ്സലിൽനിന്ന്‌ 10 പവനോളം വ്യാജ സ്വർണാഭരണങ്ങൾ കണ്ടെടുത്തു. നിരവധി ഇടപാടുകളുടെ രേഖകളും ലഭിച്ചു. 15 ബാങ്കുകളിൽ ഇവർ സമാന തട്ടിപ്പ് നടത്തിയതായാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായത്. ഇവർക്ക് ആഭരണമുണ്ടാക്കി നൽകിയവരെക്കുറിച്ച്‌ പോലീസ് അന്വേഷിക്കുന്നുണ്ട്.

തട്ടിപ്പ് നടത്തിയത് അതിവിദഗ്ധമായി

ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയാത്തവിധമാണ് മുക്കുപണ്ടത്തിൽ സ്വർണംപൂശി ബാങ്കുകളിലെത്തിച്ചത്. എട്ടുഗ്രാം മുക്കുപണ്ടത്തിൽ അരഗ്രാംമുതൽ ഒരുഗ്രാംവരെ സ്വർണം പൂശിയാണ് പണയം വെക്കുന്നത്. സംശയം തോന്നിയതിനെത്തുടർന്നാണ് രണ്ട് സ്ഥാപനങ്ങളിലെ സ്വർണം വിദഗ്ധ പരിശോധന നടത്തിയത്. തട്ടിപ്പിന്റെ സൂത്രധാരൻ അഫ്‌സലാണെന്നാണ് പോലീസ് പറയുന്നത്. ‌

സഹകരണസ്ഥാപനത്തിൽ കളക്ഷൻ ഏജന്റാണ് ശോഭന. ഈ ബന്ധമുപയോഗിച്ചാണ് വിദഗ്ധ പരിശോധനയൊന്നും കൂടാതെ വ്യാജസ്വർണം പണയംവെച്ചത്. ഇതിനായി ശോഭനയെ അഫ്‌സൽ സമർഥമായി ഉപയോഗിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനതലത്തിൽ വലിയ റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നും പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ തട്ടിപ്പ് പൂർണമായും പുറത്തുകൊണ്ടുവരാൻ കഴിയുമെന്നും ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!