സമരസ്‌മൃതികൾ ജ്വലിച്ചുണർന്ന കതിരൂരിന്റെ മണ്ണിൽ സ്വാതന്ത്ര്യ ശിൽപ്പം ഉയർന്നു

കതിരൂർ : സമരസ്‌മൃതികൾ ജ്വലിച്ചുണർന്ന മണ്ണിൽ സ്വാതന്ത്ര്യ ശിൽപ്പം ഉയർന്നു. രണ്ടാം സിവിൽ നിയമലംഘന സമരഭൂമിയായ കതിരൂർ മൈതാനിയിലാണ് സ്വാതന്ത്ര്യസമര ചരിത്രം മുദ്രണം ചെയ്‌ത ശിൽപ്പം നിർമിച്ചത്.
സ്വാതന്ത്ര്യസമര സേനാനികളുടെ വീടുകൾ, ചരിത്രകേന്ദ്രങ്ങൾ, രക്തസാക്ഷി മണ്ഡപങ്ങൾ, ആരാധനാലയങ്ങൾ, ശ്രീനാരായണമഠങ്ങൾ, സാംസ്‌കാരിക സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് ശേഖരിച്ച മണ്ണിൽ സുരേന്ദ്രൻ കൂക്കാനത്തിന്റെ നേതൃത്വത്തിലായിരുന്നു ശിൽപ്പ നിർമാണം.
മൺപുറ്റിന്റെ രൂപത്തിലുളള ശിൽപ്പം സ്വാതന്ത്ര്യത്തിലേക്ക് രാജ്യത്തെ നയിച്ച പോരാട്ടത്തിന്റെ ജ്വലിക്കുന്ന ഓർമയെ അടയാളപ്പെടുത്തുന്നു. ജാലിയൻവാലാബാഗും വാഗൺട്രാജഡിയുമടക്കം സ്വാതന്ത്ര്യ പോരാട്ടത്തിലെ ഉശിരൻ മുഹൂർത്തങ്ങൾ ഇവിടെ കാണാം. കതിർ കൊത്തിപ്പറക്കുന്ന സമാധാനത്തിന്റെ വെള്ളിരി പ്രാവിനൊപ്പം പ്രകാശം പരത്തുന്ന ദീപശിഖയും ചർക്കയും അശോകചക്രവുമടക്കമുള്ള അടയാളങ്ങളുമുണ്ട്. കതിരൂരിലെ 57 സ്‌മൃതികേന്ദ്രത്തിൽനിന്ന് പദയാത്രയായാണ് മണ്ണ് കതിരൂർ മൈതാനിയിലെത്തിച്ചത്.
ഇ.എം.എസ് പഠനകേന്ദ്രം സംഘടപ്പിച്ച ‘കതിരൂരിന്റെ ചരിത്രമുദ്ര’ സ്വാതന്ത്ര്യ ശിൽപ നിർമാണം സി.പി.എം കേന്ദ്രകമ്മിറ്റിയംഗം കെ.കെ. ശൈലജ ഉദ്‌ഘാടനം ചെയ്‌തു. ധീരദേശാഭിമാനികൾ പൊരുതി നേടിയ രാജ്യത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള ദൗത്യം നാം ഏറ്റെടുക്കേണ്ട സന്ദർഭമാണിതെന്ന് അവർ പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗം കാരായി രാജൻ അധ്യക്ഷനായി. ഇ. എം.എസിനെ ഒളിവിൽ താമസിപ്പിച്ച തരുവണത്തെരുവിലെ വാടി നാരായണിയെ ആദരിച്ചു.
സി.കെ. രമേശൻ, കെ.വി. പവിത്രൻ, ശ്രീജിത്ത് ചോയൻ എന്നിവർ സംസാരിച്ചു. പി. അജിത്ത് ഭരണഘടനാ ആമുഖം വായിച്ചു. യു.കെ. നിധീഷ്, ചന്ദ്രൻ മേസ്‌ത്രി, പ്രമോദ് ആയിത്തറ മമ്പറം എന്നിവരും ശിൽപ്പനിർമാണത്തിൽ പങ്കാളികളായി. പയ്യന്നൂരിലെ സ്വാതന്ത്ര്യസ്‌മൃതി നിർമാണത്തിലേക്ക് കതിരൂരിലെ മണ്ണ് കെ.കെ. ശൈലജ കൈമാറി.