വർക്കൗട്ടിനിടെ നെഞ്ചുവേദനയോ ശ്വാസതടസ്സമോ തോന്നിയാൽ ചികിത്സ വൈകരുത്

ഹൃദയാഘാതത്തെ തുടർന്ന് ആസ്പത്രിയിൽ പ്രവേശിപ്പിച്ച കൊമേഡിയൻ രാജു ശ്രീവാസ്തവയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതമുണ്ടായ രാജു ശ്രീവാസ്തവയെ ഉടൻ തന്നെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തിൽ കഴിയുന്ന രാജു ശ്രീവാസ്തവയുടെ നിലയിൽ പുരോഗതിയില്ലെന്ന് ആസ്പത്രി അധികൃതർ അറിയിക്കുകയും ചെയ്യുകയുണ്ടായി. ട്രെഡ്മില്ലിൽ വ്യായാമം ചെയ്യുന്നതിനിടെയായിരുന്നു അമ്പത്തിയൊമ്പതുകാരനായ രാജു ശ്രീവാസ്തവയ്ക്ക് ഹൃദയാഘാതമുണ്ടായത്. ഈ സാഹചര്യത്തിൽ ഹൃദയസംബന്ധമായ അടിയന്തര പ്രശ്‌നങ്ങൾ വരുമ്പോൾ അത് കൈകാര്യം ചെയ്യുന്നതിന് ജിം പരിശീലകരെ കാര്യപ്രാപ്തരാക്കണമെന്നടക്കമുള്ള നിർദേശങ്ങളെക്കുറിച്ചും ചർച്ചകൾ ഉയരുന്നുണ്ട്. അമ്പതു വയസ്സിന് മുകളിൽ പ്രായമുള്ളവർ ജിമ്മിൽ പോകും മുമ്പ് കൃത്യമായ ആരോഗ്യ പരിശോധനകൾ നടത്തിയിരിക്കണം എന്നു പറയുകയാണ് ആരോഗ്യ വിദഗ്ധർ.
വ്യായാമം ചെയ്യുന്നതിനിടയിൽ നെഞ്ചുവേദന അനുഭവപ്പെടുകയോ ശ്വാസതടസ്സം നേരിടുന്നതു പോലെ തോന്നുകയോ ഒക്കെ ചെയ്താൽ ഉടൻ വർക്കൗട്ട് നടത്തി വൈദ്യസഹായം തേടേണ്ടതാണ്. വയറുനിറയെ ഭക്ഷണം കഴിച്ച് ജിമ്മിൽ പോകുന്ന ശീലം ഒഴിവാക്കണമെന്നും ശരീരത്തിൽ ജലാംശം നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡിനുശേഷം ഹൃദയാഘാതം കൂടിവരുന്നതായാണ് കാണുന്നതെന്നും വിദഗ്ധർ പറയുന്നു. ജിമ്മിൽ പോകുന്നതുകൊണ്ട് ഹൃദയാരോഗ്യം മെച്ചമാണെന്ന് കരുതേണ്ടതില്ല. പല ഫിറ്റ്നസ് പ്രേമികളും പ്രായം പരിഗണിക്കാതെ സ്റ്റിറോയ്ഡുകളും സിന്തറ്റിക് പ്രോട്ടീനുകളും ഉപയോഗിക്കാറുണ്ട്. ഒപ്പം ജിമ്മിൽ തുടക്കക്കാരായ നാൽപതു കടന്നവരിൽ പലരും അമിതമായി വർക്കൗട്ട് ചെയ്യുന്നത് ഹൃദയാരോഗ്യത്തെ ബാധിച്ചേക്കാമെന്ന് ഡോ. ആശിഷ് അഗർവാൾ പറയുന്നു.
ഹൈപ്പർടെൻഷൻ, അമിതമായ കൊളസ്ട്രോൾ, ഡയബറ്റിസ് തുടങ്ങിയവ ഉള്ളവരാണെങ്കിൽ ജിമ്മിൽ പോകുംമുമ്പ് കാർഡിയോളജിസ്റ്റിനെ കണ്ട് പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.