മണ്ണൊലിപ്പ് തടയുന്ന പാറകൾ വ്യക്തികൾ കോരിമാറ്റിയതായി പരാതി; നിടുംപുറംചാലിൽ പുഴയരികിലെ വീട് അപകടഭീഷണിയിൽ

നിടുംപുറംചാൽ: പുഴയിലെ മണ്ണൊലിപ്പ് തടയുന്ന പാറകൾ വീടിന് ഭീഷണിയാകും വിധം മണ്ണുമാന്തി യന്ത്രമുപയോഗിച്ച് വ്യക്തികൾ കോരിമാറ്റിയതായി പരാതി. നിടുംപുറംചാൽ സ്വദേശികളായ പുത്തൻപുരയിൽ രവീന്ദ്രനും ബാലകൃഷ്ണനുമാണ് ഇത് സംബന്ധിച്ച് കണിച്ചാർ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്കിയത്.
പരാതിക്കാരുടെ വീട്ടുപറമ്പിന്റെ പാർശ്വഭിത്തി നീർത്തട കമ്മറ്റിയുടെ നേതൃത്വത്തിൽ കരിങ്കല്ലുകൾ കൊണ്ട് മൂന്ന് മീറ്റർ ഉയരത്തിൽ കെട്ടി സംരക്ഷിച്ചിരുന്നതാണ്. ഒന്നര മീറ്റർ ഉയരത്തിൽ കേന്ദ്രഫണ്ടുപയോഗിച്ചും ബാക്കി ഒന്നര മീറ്റർ സ്വന്തം പണവുമുപയോഗിച്ചാണ് പാർശ്വഭിത്തി കെട്ടിയത്. കഴിഞ്ഞയാഴ്ചയുണ്ടായ ഉരുൾപൊട്ടലിലുണ്ടായ വെള്ളത്തിന്റെ കുത്തൊഴുക്കിൽ പാർശഭിത്തി മുഴുവനും ഇടിഞ്ഞ് പുഴയിലേക്ക് പതിച്ചു.
അപകട ഭീഷണി കാരണം വീട്ടുകാർ മറ്റൊരിടത്തേക്ക് മാറി താമസിച്ച ദിവസം പുഴയുടെ എതിരവശത്തുള്ളവരിൽ ചിലർ പാറകൾ മാറ്റുകയും വീടിന് അപകടമുണ്ടാക്കും വിധം പുഴ കുഴിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. വാർഡ് മെമ്പറുടെ സാന്നിധ്യത്തിൽ ഹിറ്റാച്ചിയുപയോഗിച്ച് പരാതിക്കാരുടെ പറമ്പിനരികിലെ കല്ലുകളടക്കം കോരിമാറ്റിയെന്നാണ് പരാതി. പാറകളും കല്ലും എതിർ വശത്തെ പുഴരികിൽ കൂട്ടിയിട്ട നിലയിലാണ്. പരാതിക്കാരുടെ വീടും പറമ്പും അപകട ഭീഷണിയിലുമാണ്.
ഇക്കാര്യത്തിൽ അടിയന്തര നടപടിയാവശ്യപ്പെട്ടാണ് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്കിയത്.