പെരുവയിലും വ്യാപക നാശം; കൊളപ്പ കോളനിയിൽ രണ്ട് പാലങ്ങൾ ഒലിച്ചുപോയി

കോളയാട്: ഉരുൾപൊട്ടലിലും മലവെള്ളപാച്ചിലിലും പെരുവ മേഖലയിലും വ്യാപക നാശം. പെരുവ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ ഇമ്മ്യൂണൈസേഷൻ സെന്റർ,പെരുവ പള്ളിക്കട്ടിടം, വ്യാപാര സ്ഥാപനം എന്നിവിടങ്ങളിൽ വെള്ളം കയറി. പോസ്റ്റ് ഓഫീസിനു സമീപവും ക്രിസ്ത്യൻ പള്ളിക്കു സമീപവും പുഴകരകവിഞ്ഞൊഴുകി സമീപത്തുള്ള ആറു വീടുകളിൽ വെള്ളം കയറി. വീട്ടുകാരെ സമീപ വീടുകളിലും ആരോഗ്യകേന്ദ്രത്തിലേക്കും മാറ്റി.
കൊളപ്പ ആദിവാസി കോളനിയിലെ രണ്ട് കോൺക്രീറ്റു പാലങ്ങൾ ഒലിച്ചുപോയി. പെരുവയിലെ വിവിധ കോളനികളിലെ നാലു നടപ്പാലങ്ങൾ തകർന്നു. ചന്ദ്രോത്ത് കോൺക്രീറ്റു നടപ്പാലത്തിന്റെ തൂൺ ചരിഞ്ഞ് പാലം ഭാഗികമായി തകർന്നു. ചെമ്പുക്കാവ് റോഡിൽ മണലായി പാലറ്റ്വും തകർന്നു. കടൽ കണ്ടം പാലം കാൽനട യാത്ര പോലും പ്രയാസമുള്ളതായിമാറി. ഫോറെസ്റ്റ് സെറ്റിൽമെന്റുകളായ കൊളപ്പ, പറക്കാട്, ആക്കംമൂല, ചന്ദ്രോത്ത്, കടല്കണ്ടം കോളനികൾ ഒറ്റപ്പെട്ടു. വാഹന ഗതാഗതം പൂർണ്ണമായും നിലച്ചു.