കതകിൽ അജ്ഞാതന്റെ മുട്ട് മാനന്തേരി നാട്ടുകാരുടെ ഉറക്കംകെടുത്തുന്നു
ചിറ്റാരിപ്പറമ്പ് : രാത്രികാലത്ത് വീടുകളുടെ കതകിൽ മുട്ടുന്ന അജ്ഞാതനെ പിടികൂടാൻ ഉറക്കം ഉപേക്ഷിച്ച് കാത്തിരിക്കുകയാണ് നാട്ടുകാർ. മാനന്തേരി അമ്പായക്കാട്, പൈങ്ങോട്ട് പ്രദേശത്തെ നാട്ടുകാരാണ് അജ്ഞാതനെ പിടികൂടാൻ ഉറക്കം ഉപേക്ഷിച്ച് കാത്തിരിക്കുന്നത്.
രാത്രികാലത്താണ് അജ്ഞാതൻ പല വീടുകളുടെയും കതകിൽ മുട്ടുന്നത്. കതകിൽ മുട്ടിയശേഷം മൊബൈൽ വെളിച്ചത്തിൽ തിരികെപോകുന്നത് കണ്ടതായി വീട്ടുകാർ പറയുന്നു. ആയുധം ഉണ്ടാകുമെന്ന ഭയത്തിൽ കതകിൽ മുട്ടുമ്പോൾ ആരും തുറക്കാറില്ല.
കതകിൽ മുട്ടുന്ന വീടുകളുടെ എണ്ണം കൂടിയതോടെ കഴിഞ്ഞദിവസം നാട്ടുകാർ സംഘടിച്ചു. രണ്ട് ദിവസം നാട്ടുകാർ ഉറക്കം ഉപേക്ഷിച്ച് രാത്രി പല സ്ഥലങ്ങളിലായി കാത്തിരുന്നു. അജ്ഞാതനെ പിടികൂടാൻ കഴിഞ്ഞില്ലങ്കിലും രണ്ട് ദിവസം ഉപദ്രവം ഇല്ലായിരുന്നു.
നാട്ടുകാരുടെ ശ്രദ്ധ മാറിയതോടെ അജ്ഞാതൻ വീണ്ടും പണി തുടങ്ങി. നാട്ടുകാർ വീണ്ടും സംഘടിച്ച് കണ്ണവം പോലീസിൽ പരാതി നൽകി. പോലീസ് മാനന്തേരി പ്രദേശത്ത് രാത്രികാലത്ത് പട്രോളിങ് തുടങ്ങിയെങ്കിലും അജ്ഞാതനെ കണ്ടത്താൻ കഴിഞ്ഞില്ല. അന്വേഷണം നടത്തിവരികയാണന്ന് പോലീസ് പറഞ്ഞു.
