ആഫ്രിക്കൻ പന്നിപ്പനി: കണിച്ചാറിലെ രണ്ട് ഫാമുകളിലെ 271 പന്നികളെ കൊല്ലും
കണിച്ചാർ : കണിച്ചാർ പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച ഫാമിലെയും ഒരുകിലോമീറ്റർ ചുറ്റളവിലുള്ള മറ്റൊരു ഫാമിലെയും 271 പന്നികളെ കൊന്ന് മറവുചെയ്യാൻ കളക്ടർ എസ്. ചന്ദ്രശേഖർ ഉത്തരവിട്ടു. ചൊവ്വാഴ്ച രാവിലെ ഇതിനുള്ള നടപടികൾ മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കും. പള്ളിക്കമാലിൽ മാന്വലിന്റെ ഫാമിലെ ബാക്കിയുള്ള 95 പന്നികളെയാണ് കൊല്ലുക. പനിബാധിച്ച് 16 പന്നികൾ ഈ ഫാമിൽ തിങ്കളാഴ്ചവരെ ചത്തിട്ടുണ്ട്. ഈ ഫാമിന്റെ ഒരുകിലോമീറ്റർ പരിധിയിലുള്ള ജോമി വലിയപറമ്പത്തിന്റെ ഫാമിലെ 176 പന്നികളെയും കൊല്ലും. ഇലക്‌ട്രിക് സ്റ്റണ്ണർ ഉപയോഗിച്ച് വൈദ്യുതാഘാതമേൽപ്പിച്ച് മയക്കിയശേഷം ആന്തരിക മുറിവുണ്ടാക്കിയാവും കൊല്ലുക.
പന്നികളെ കൊല്ലുന്നതിനും നിരീക്ഷണത്തിനുമായി മൃഗസംരക്ഷണവകുപ്പിന്റെ 50 പേർ അടങ്ങുന്ന സംഘത്തെ ചുമതലപ്പെടുത്തി. 20 അംഗ സംഘം ഒരാഴ്ച കണിച്ചാറിൽ താമസിച്ച് പന്നികളെ കൊല്ലും. ബാക്കിയുള്ളവർ പനി സ്ഥിരീകരിച്ച ഫാമിന്റെ 10 കിലോമീറ്റർ പരിധിയിലുള്ള ഫാമുകളിൽ നിരീക്ഷണം നടത്തും. പന്നിപ്പനിയുമായി ബന്ധപ്പെട്ട് കണിച്ചാറിൽ സെമിനാർ നടത്തുമെന്ന് മൃഗസംരക്ഷണവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. എസ്.ജെ. ലേഖ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. വി. അജിത്ത് ബാബു, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഒ.എം. അജിത എന്നിവർ അറിയിച്ചു.
കണിച്ചാർ പഞ്ചായത്തിൽ പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സീനിയർ വെറ്ററിനറി സർജൻ ഡോ. വി. പ്രശാന്ത്, ഡോ. അനിൽകുമാർ എൻ. നായർ, ഡോ. പി. ഗിരീഷ്‌കുമാർ, ഡോ. ബീറ്റു ജോസഫ്, ഡോ. ജോൺസൻ പി. ജോൺ, ഗ്രാമപ്പഞ്ചായത്തംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു. കണിച്ചാർ മൃഗാശുപത്രിയിൽ ദ്രുതകർമസേനയുടെ നേതൃത്വത്തിലും യോഗം ചേർന്നു.
ഓഗസ്റ്റ് ഒന്നുമുതൽ 30 ദിവസത്തേക്ക് പന്നി, പന്നിമാംസം, പന്നിമാംസംകൊണ്ടുള്ള ഉത്പന്നങ്ങൾ, പന്നിവളം എന്നിവ കേരളത്തിലേക്കോ കേരളത്തിൽനിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കോ കൊണ്ടുവരുന്നതിനും കൊണ്ടുപോകുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയും സംസ്ഥാനത്തെ നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചും ഉത്തരവുണ്ട്. അതിർത്തി പ്രദേശങ്ങളിൽ പോലീസും ആർ.ടി.ഒ.യും നിരീക്ഷണം ഏർപ്പെടുത്തും.
ജാഗ്രതാനിർദേശങ്ങൾ ഇവ:-
ആഫ്രിക്കൻ പന്നിപ്പനി (സ്വൈൻ ഫീവർ) മനുഷ്യരിലേക്കോ മറ്റു ജീവികളിലേക്കോ പകരില്ല. എന്നാൽ പന്നികളിൽ ഇത് അതിമാരകവും സാംക്രമികവുമാണ്.
1. കാട്ടുപന്നികളുടെയും അലഞ്ഞുതിരിയുന്ന പന്നികളുടെയും സമ്പർക്കം ഒഴിവാക്കണം.
2. പന്നിഫാമിലേക്ക് വരുകയോ പോവുകയോ ചെയ്യുന്ന വാഹനങ്ങൾ കൃത്യമായി അണുനശീകരിക്കുക.
3. പന്നിഫാമിലേക്കുള്ള സന്ദർശകരെ നിജപ്പെടുത്തുക. അവരുടെ വിവരങ്ങൾ എഴുതിസൂക്ഷിക്കുക.
4. പന്നിഫാമിൽ പ്രവേശിക്കുന്നതിന് മുൻപ് ശുചിത്വം പാലിക്കുകയും കൈകൾ അണുനശീകരീക്കുകയും ചെയ്യുക.
5. പന്നിഫാമിലേക്ക് മറ്റു മൃഗങ്ങളോ എലികളോ പക്ഷികളോ കടക്കുന്നത് തടയുക. പക്ഷികൾ ഫാമിൽ കയറാതിരിക്കാൻ വശങ്ങളിൽ വല ക്രമീകരിക്കുക.
6. പന്നികളിൽ രോഗലക്ഷണം കാണുകയാണെങ്കിൽ അടുത്തുള്ള വെറ്ററിനറി ഡോക്ടറെ ബന്ധപ്പെടുക.
