വീട്ടുമുറ്റത്ത് പന്തലിട്ട് നിലവിളക്കിനു മുന്നിൽ കല്യാണം നടത്തി മുസ്‌ലിം കുടുംബം

Share our post

തലശ്ശേരി: വീട്ടിൽ സഹായിയായെത്തിയ സ്ത്രീയുടെ മകളെ സ്വന്തം മകളെപ്പോലെ വളർത്തി ഒടുവിൽ വീട്ടുമുറ്റത്ത് പന്തലിട്ട് നിലവിളക്കിനു മുന്നിൽ കല്യാണം നടത്തി മുസ്‌ലിം കുടുംബം. തലശ്ശേരി മൂന്നാം റെയിൽവേ ഗേറ്റിലെ മെഹനാസിൽ ഞായറാഴ്ചയാണ് വിവാഹം നടന്നത്. വയനാട് ബാവലിയിലെ ബേബി റീഷ്മയാണ് വിവാഹിതയായത്. കരിയാട് സ്വദേശി റിനൂപാണ് വരൻ. മൂന്നാംഗേറ്റിലെ പി.ഒ. നാസിയും ഭാര്യ പി.എം. സുബൈദയും മുൻകൈയെടുത്താണ് സ്വന്തം വീട്ടുമുറ്റത്ത് പന്തലിട്ട് ഹൈന്ദവാചാരപ്രകാരം കല്യാണം നടത്തിയത്.

റീഷ്മയുടെ അമ്മ ജാനു, സുബൈദയുടെ ചെറുമകളെ പരിചരിക്കാൻ വീട്ടിലെത്തിയതാണ്. ഇവർ പോകുമ്പോൾ റീഷ്മയെ സുബൈദയുടെ വീട്ടിലാക്കി. 13 വർഷമായി റീഷ്മയുടെ കാര്യങ്ങൾ നോക്കിയത് സുബൈദയാണ്. നാലുവർഷം സ്‌കൂളിൽ അയച്ചു. റീഷ്മയ്ക്ക് താത്‌പര്യമില്ലാത്തതിനാൽ പഠനം തുടർന്നില്ല.

വിവാഹാലോചന വന്നപ്പോൾ എവിടെവെച്ച് നടത്തുമെന്ന അഭിപ്രായം ഉയർന്നു. രജിസ്‌ട്രാർ ഓഫീസ്, അമ്പലം എന്നിങ്ങനെ പലയിടങ്ങൾ ആലോചിച്ചപ്പോഴാണ് വീട്ടിൽവെച്ച് കല്യാണം നടത്താൻ തീരുമാനിച്ചതെന്ന് സുബൈദയുടെ മകൾ സുനിതയുടെ ഭർത്താവ് റാഷിക് അലി പറഞ്ഞു. വീട്ടുമുറ്റത്ത് ഒരുക്കിയ കല്യാണപ്പന്തലിൽ നിലവിളക്കും നിറനാഴിയും കിണ്ടിയും. വധുവും വരനും മാലചാർത്തി കല്യാണം. വധുവിന് സ്വർണാഭരണങ്ങൾ നൽകിയതും സുബൈദയും കുടുംബവുമാണ്. 200 പേർ വിവാഹത്തിൽ പങ്കെടുത്തു. പങ്കെടുത്തവർക്കെല്ലാം ബിരിയാണിയും പായസവും നൽകി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!