ചക്കിപ്പരുന്തിന് ഇഷ്ടം സതീശന്റെ വീട്ടിലെ മെനു

കൂത്തുപറമ്പ്: ഭക്ഷ്യവിഭവങ്ങൾ എന്തെന്നറിഞ്ഞ് എത്തുന്ന ഒരു അതിഥിയുണ്ട് കൂത്തുപറമ്പിനടുത്ത കൈതേരി ഇടത്തിൽ അനന്തപുരിയിൽ കെ.കെ.സതീശന്റെ വീട്ടിൽ. കഴിഞ്ഞ മൂന്നുമാസമായി കൈതേരി ഇടത്തിൽ കൂടുകൂട്ടിയ ഒരു ചക്കിപ്പരുന്താണ് കക്ഷി. വന്നുവന്ന് ഈ വീട്ടിലെ അംഗത്തെ പോലെയാണ് ഇതിന്റെ ഇടപെടൽ.
ചക്കിയെന്ന പേര് സതീശൻ തന്നെ ഇട്ടതാണ്. ഇറച്ചിയും മത്സ്യവുമാണ് ചക്കിക്ക് പഥ്യം. എന്നാലും കൊടുക്കുന്ന ഒരു വിധം ഭക്ഷണവും കഴിക്കുമെന്ന് വീട്ടുകാർ പറയും. ഒരു ദിവസം ഉച്ചയോടെ വീട്ടുകാർ പൂമുഖത്ത് ഇരിക്കുമ്പോഴാണ് പരുന്ത് ഇവിടേക്ക് പറന്നിറങ്ങിയത്. വീട്ടുകാർ നൽകിയ ഭക്ഷണം ആദ്യം സംശയിച്ചുനിന്നെങ്കിലും പിന്നാലെ കഴിക്കുകയായിരുന്നു.
അന്ന് പറന്നുപോയ പരുന്ത് പിന്നെ പതിവുകാരിയായി .പരുന്തിന്റെ വരവ് പതിവായതോടെ ഇഷ്ടവിഭവങ്ങൾ കരുതി വെക്കാനും വീട്ടുകാർ തയ്യാറായി. ഇതിനകം കുട്ടികൾ ഉൾപ്പെടെയുള്ളവരുമായും ഇത് ഇണങ്ങിയിരിക്കയാണ്. വികസനത്തിന്റെയും മറ്റും ഭാഗമായി കടലോരമേഖലയിലുള്ള വൃക്ഷങ്ങൾ മുറിച്ചുമാറ്റുന്നതിനാൽ വാസസ്ഥലങ്ങൾ നഷ്ടമാകുന്നതാണ് പരുന്ത് ഗ്രാമപ്രദേശങ്ങളിലേക്ക് ചേക്കേറുന്നതെന്ന് പക്ഷിനിരീക്ഷകർ പറയുന്നു.