സൗദിയിലേക്ക് പെഡൽ ചവിട്ടി ഷഫീഖ്

തലശേരി : സൗദ്യ അറേബ്യ ലക്ഷ്യമാക്കി സൈക്കിൾ ആഞ്ഞ് ചവിട്ടുകയാണ് ചെറുവത്തൂർ ചിറമ്മൽ ഹൗസിൽ സി എച്ച് ഷെഫീഖ്. ആറുദിവസം മുമ്പ് മലപ്പുറത്തുനിന്നാരംഭിച്ച സഞ്ചാരം കോഴിക്കോടും കടന്ന് കണ്ണൂർ ജില്ലയിലെത്തി. ജന്മനാടായ ചെറുവത്തൂരിന്റെ സ്‌നേഹത്തണലിലൂടെ മംഗളൂരു വഴിയാണ് മദീനയെ ലക്ഷ്യമാക്കിയുള്ള യാത്ര. വാഗ അതിർത്തിയും കടന്ന് ബാഗ്‌ദാദ്, ഇറാൻ, കുവൈത്ത് വഴി 7500 കിലോമീറ്റർ പിന്നിട്ടാലേ ലക്ഷ്യം തൊടാനാകൂ. സഞ്ചാരത്തിനിടെ കാഴ്‌ചകൾ പകർത്താൻ നരിമാൻ വ്‌ളോഗ് യൂട്യൂബ് ചാനലുമുണ്ട്. അത്തർ വിറ്റാണ് വഴിച്ചെലവിന് പണമുണ്ടാക്കുന്നത്. സ്ലീപ്പിങ് ബാഗ്, ടെന്റ് തുടങ്ങിയ അത്യാവശ്യം സാമഗ്രികളും കരുതിയിട്ടുണ്ട്.
ഓരോ പ്രദേശത്തും ഇറങ്ങി വിദ്യാർഥികളുമായി ആശയവിനിമയം നടത്തുന്നു. വീട്ടുകാരുടെയും കൂട്ടുകാരുടെയും കട്ട സപ്പോർട്ടുണ്ടെന്ന് മുപ്പത്തിയഞ്ചുകാരനായ ഷെഫീഖ് പറഞ്ഞു. എന്തിനാണ് സൈക്കിൾ യാത്രയെന്ന ചോദ്യത്തിന്–ജനങ്ങളെയും സംസ്‌കാരത്തെയും അടുത്തറിയാനെന്ന് മറുപടി.
സൈക്കിൾ യാത്രയായതിനാൽ സാധാരണക്കാരുമായി അടുത്തിടപഴകാൻ സാധിക്കുന്നുണ്ടെന്ന് ഷെഫീഖ് പറഞ്ഞു. കൂട്ടുകാർക്കൊപ്പവും തനിച്ചും പലവട്ടം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലൂടെ യാത്രചെയ്‌തിട്ടുണ്ട്. സൈക്കിളിലുള്ള ദീർഘയാത്ര ഇതാദ്യം. ദിവസം 35–40 കിലോമീറ്റർ സഞ്ചരിക്കും. മലപ്പുറത്ത് സാദിഖലി ശിഹാബ് തങ്ങളാണ് കേരള–സൗദിഅറേബ്യ സോളോ സൈക്കിൾ ട്രിപ്പ് ഫ്ലാഗ് ഓഫ് ചെയ്‌തത്.