സി.പി.എം നേതാവ് സി.പി. കുഞ്ഞിരാമന്‍ അന്തരിച്ചു

തലശേരി : സി.പി.എം തലശേരി ഏരിയകമ്മിറ്റി അംഗവും മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുന്‍ ചെയര്‍മാനുമായ മുഴപ്പിലങ്ങാട് കെട്ടിനകം ബീച്ച് സമുദ്രയില്‍ സി.പി. കുഞ്ഞിരാമന്‍ (74) അന്തരിച്ചു. തലച്ചോറിലെ രക്തസ്രവത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ തലശേരി കോ-ഓപ്പറേറ്റീവ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. മത്സ്യതൊഴിലാളി ഫെഡറേഷന്‍ സി.ഐ.ടി.യു സംസ്ഥാന വൈസ്പ്രസിഡന്റും മത്സ്യഫെഡ് മുന്‍ ഡയരക്ടറും തലശേരിനഗരസഭ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി മുന്‍ അധ്യക്ഷനുമാണ്. ഗൊപാലപ്പേട്ട വാര്‍ഡില്‍ നിന്നാണ് നഗരസഭാംഗമായത്.
1968ല്‍ സി.പി.എം അംഗമായി. 1978ല്‍ അവിഭക്ത തലശേരി ഏരിയകമ്മിറ്റി അംഗമായി. സി.പി.എം തലശേരി ടൗണ്‍ ലോക്കല്‍ സെക്രട്ടറി, മത്സ്യതൊഴിലാളി യൂണിയന്‍ ജില്ല സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ കമ്മിറ്റിയംഗം, കുറിച്ചിയില്‍ പാലിശേരി മത്സ്യതൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് എന്നീനിലകളിലും പ്രവര്‍ത്തിച്ചു.
തലശേരി ചുമട്ട് തൊഴിലാളിയൂനിയന്‍ പ്രസിഡന്റാണ്. ഒമ്പതാംവയസില്‍ ബീഡിതൊഴിലാളിയായാണ് ജീവിതം തുടങ്ങിയത്. സംസ്ഥാനത്തെ മത്സ്യതൊഴിലാളികളെ സംഘടിപ്പിക്കാനും അവരുടെ ക്ഷേമത്തിനും ജീവിതാന്ത്യം വരെ പ്രവര്‍ത്തിച്ചു. തലശേരി കലാപകാലത്ത് സമാധാനസംരക്ഷണത്തിനുള്ള വളണ്ടിയറായിരുന്നു. അടിയന്തരാവസ്ഥയില്‍ നിരോധനം ലംഘിച്ചുള്ള പ്രകടനത്തിനിടെ മര്‍ദനമേറ്റു. സമരത്തില്‍ പങ്കെടുത്ത് ജയിലിലടക്കപ്പെട്ടു.
ഗൊപാലപ്പേട്ടയിലെ പരേതരായ അമ്പാടി-ദേവകി ദമ്പതികളുടെ മകനാണ്. ഭാര്യ: വിപിന (തലശേരി പബ്ലിക് സര്‍വന്റ്സ് ബാങ്ക് റിട്ട.ജീവനക്കാരി). മക്കള്‍: ദിമിത്രോവ്, ഡാനിയല്‍ (മത്സ്യതൊഴിലാളി), പരേതനായ ലെനിന്‍. മരുമക്കള്‍: നിഷ, ദിവ്യ (തലശേരി കോ–ഓപ്പറേറ്റീവ് റൂറല്‍ബാങ്ക്). സഹോദരങ്ങള്‍: രേവതി, പരേതരായ ലക്ഷ്മണന്‍, ഗോപാലന്‍, നാണി, കൗസു, കൃഷ്ണന്‍.