ടൂറിസം ഹബ്ബാകാൻ മുഴപ്പിലങ്ങാട്–ധർമ്മടം ബീച്ച്

Share our post

മുഴപ്പിലങ്ങാട്‌ : മുഴപ്പിലങ്ങാട്‌–ധർമടം ബീച്ച്‌ സമഗ്ര ടൂറിസം വികസന പദ്ധതിയുടെ ആദ്യഘട്ട  നിർമാണം ഉടൻ. കിഫ്‌ബിയിൽനിന്ന്‌ ഭരണാനുമതി ലഭിച്ച 78.32 കോടി രൂപയുടെ  പ്രവൃത്തി  27ന്‌  വൈകിട്ട്‌ അഞ്ചിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. മന്ത്രി മുഹമ്മദ്‌ റിയാസ്‌ അധ്യക്ഷനാകും. 
മുഴപ്പിലങ്ങാട്‌ –-ധർമടം ബീച്ചിനെ ആഗോള ടൂറിസം ഹബ്ബായി മാറ്റാനുള്ള ബൃഹത്‌പദ്ധതിയാണിത്‌. മുഴപ്പിലങ്ങാട്‌, ധർമടം ബീച്ചുകൾ, ധർമടം ദ്വീപ്‌ എന്നിവ സംയോജിപ്പിച്ചാണ്‌  പദ്ധതി. ഇതിനായി ‌കിഫ്‌ബിയിൽ 233.72 കോടി രൂപയാണ്‌ അനുവദിച്ചത്‌. 
ഏഷ്യയിലെ  ഏറ്റവും നീളമേറിയ ഡ്രൈവ്- ഇൻ ബീച്ചായ മുഴപ്പിലങ്ങാട്, പ്രകൃതിസൗന്ദര്യം തുളുമ്പുന്ന ധർമടം ബീച്ച്, അഞ്ചരക്കണ്ടി, ധർമടം ദ്വീപ് എന്നിവയുടെ വികസനമാണ് പദ്ധതിയിലുള്ളത്‌.  മൂന്ന്‌ വിഭാഗമായി തിരിച്ചാണ്‌ മാസ്റ്റർപ്ലാൻ. മുഴപ്പിലങ്ങാട്‌ ബീച്ചിന്റെ വടക്കുഭാഗത്ത്‌ നടപ്പാത, ധർമടം ബീച്ചിന്റെ തെക്കുഭാഗത്ത്‌ ജലധാര, ധർമടം ബീച്ച്‌ വികസനം, ധർമടം ദ്വീപ്‌ തനിമയോടെ നിലനിർത്തിയുള്ള വികസനം എന്നിങ്ങനെ നാല്‌ ഘട്ടങ്ങളായാണ്‌ പദ്ധതി നടപ്പാക്കുക.
ആദ്യഘട്ടം 78 കോടി രൂപയുടെ വികസനപദ്ധതികൾ നടപ്പാക്കും. ബീച്ചിന്റെ വടക്കുഭാഗത്ത്‌ 1.3 കിലോമീറ്ററോളം നീളത്തിൽ കടൽഭിത്തി, നടപ്പാത, കുട്ടികൾക്ക്‌ കളിസ്ഥലം, ശുചിമുറി, വയോജനവിശ്രമകേന്ദ്രം, ഭക്ഷണശാലകൾ എന്നിവയാണ് ആദ്യം നിർമിക്കുക. രണ്ടാം ഘട്ടത്തിൽ ബീച്ചിന്റെ തെക്ക് ഭാഗത്ത്‌ വാട്ടർസ്പോർട്സും മൂന്നാംഘട്ടത്തിൽ ധർമടം ബീച്ചിലെ വിവിധഭാഗങ്ങൾ ലോകോത്തര നിലവാരത്തിലാക്കാനുള്ള പ്രവർത്തനങ്ങളുമാണ്‌ നടത്തുക. ധർമടം ദ്വീപിനെ പ്രകൃതിരമണീയമാക്കി സന്ദർശകരെ ആകർഷിക്കാനുള്ള ഇടമാക്കി മാറ്റുകയാണ് അവസാനഘട്ടത്തിൽ പൂർത്തിയാക്കുക. പദ്ധതിരേഖ തയ്യാറാക്കാൻ ആഗോള ടെൻഡറാണ് സർക്കാർ വിളിച്ചത്. ഇതിൽനിന്ന്‌ പുണെയിലെ സി.ബി.ആർ.ഇ കമ്പനിയാണ് നാല് സോണുകളായി തിരിച്ച് പദ്ധതി രൂപരേഖ തയ്യാറാക്കിയത്. 
കിഫ്ബിയുടെ സഹായധനത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ഇറിഗേഷൻ ഡെവലപ്മെന്റ്‌ കോർപ്പറേഷനാണ്(കിഡ്ക്) നിർവഹണചുമതല. 5.5 കി.മീ ദൈർഘ്യമുള്ള കടൽത്തീരവും ആഴം കുറഞ്ഞ കടലും വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. അഴിമുഖത്തോട് ചേർന്ന പാറക്കൂട്ടങ്ങളും ദൃശ്യവിരുന്നാണ്. വികസനം പൂർത്തിയാകുമ്പോൾ പ്രതിവർഷം 20 ലക്ഷത്തോളം സന്ദർശകർ ഇവിടെയെത്തുമെന്നാണ് ടൂറിസം വകുപ്പിന്റെ വിലയിരുത്തൽ.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!