സോപ്പ് ഒരുപാട് പതപ്പിക്കല്ലേ… കീശ കാലിയാകും

Share our post

സോപ്പ് നന്നായി പതപ്പിച്ചു കുളിക്കുന്നവരു അലക്കുന്നവരും ഇനി ഒന്നുകൂടി ആലോചിച്ചുവേണം അതുചെയ്യാൻ. സോപ്പ് അല്പം കൂടുതൽ പതഞ്ഞാൽ കീശ കാലിയാകും. വിലക്കയറ്റം എല്ലാറ്റിനെയും ബാധിച്ചപ്പോൾ കുളിസോപ്പിനും അലക്കുസോപ്പിനും വലിയ വിലകൊടുക്കേണ്ട സ്ഥിതിയാണ്.

നിത്യോപയോഗ സാധനങ്ങൾ പലതിനും ഒന്നരമാസത്തിനിടെ വിലകൂടിയിട്ടുണ്ട്. എഫ്.എം.സി.ജി. (ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്‌സ്) വിഭാഗത്തിൽ വരുന്ന ചില കമ്പനികളുടെ ഉത്പന്നങ്ങളിലാണ് ഈ മാറ്റം. കുളിസോപ്പ്, അലക്കുസോപ്പ്, ബിസ്കറ്റ്, പാൽപ്പൊടി, നൂഡിൽസ്, ടൂത്ത്പേസ്റ്റ് തുടങ്ങിയവയുടെ വിലയാണ് കുത്തനെ കൂട്ടിയത്. ഒന്നരമാസം മുൻപേ വില കൂടിത്തുടങ്ങിയെങ്കിലും പല സാധനങ്ങളും ഒന്നിച്ചുവാങ്ങുന്നതിനാൽ പലരും ഇതു ശ്രദ്ധിച്ചിരുന്നില്ല. മിക്കതിനും മൂന്നുമുതൽ പത്തുവരെ രൂപ വർധിപ്പിച്ചിട്ടുണ്ട്. പ്രമുഖ കമ്പനികളുടെ ഉത്പന്നങ്ങളിലാണ് ഈ കൊള്ള. മുൻപ് 38 രൂപയുണ്ടായിരുന്ന പ്രമുഖ ബ്രാൻഡ് സോപ്പിന് ആദ്യം 42-ഉം പിന്നീട് 48-ഉം ഇപ്പോൾ 55-ഉം രൂപയായി. ഒരേ സോപ്പിന്റെതന്നെ പല നിറങ്ങൾക്ക് കൂടിയ വിലയായിട്ടുമുണ്ട്.

വളരെ പ്രചാരമുള്ള ബാർ സോപ്പിന് വില 21രൂപയിൽനിന്ന് 30 ആയി ഉയർന്നിട്ടുണ്ട്. ഇനിയുമത് കൂട്ടുമെന്നറിയിച്ചതായി വ്യാപാരികൾ പറയുന്നു. ബഹുരാഷ്ട്രകുത്തകക്കമ്പനികൾ തോന്നുംപടി വില കൂട്ടുന്നതിന്റെ ചുവടുപിടിച്ച് രാജ്യത്തുള്ള കമ്പനികളും ചെറുകിട കമ്പനികളും മത്സരിച്ച് വിലകൂട്ടുകയാണ്.

കുട്ടികളുടെ പ്രിയപ്പെട്ട ബിസ്‌കറ്റുകളിലുമുണ്ട് വില വ്യത്യാസം. 20 രൂപയുടെ ബിസ്കറ്റിന് ഇടക്കാലത്ത് 25 രൂപയായി ഉയർന്നിരുന്നു. ഇതിപ്പോൾ 30 ആയി. പേരുകേട്ട കമ്പനിയുടെ പാൽപ്പൊടി കിലോയ്ക്ക് 465 രൂപ ആയിരുന്നെങ്കിൽ ഇപ്പോൾ 565 രൂപയായി. നൂറുരൂപയുടെ വർധന.

ടൂത്ത് പേസ്റ്റിനുമുണ്ട് ഈ വ്യത്യാസം. അഞ്ചുമുതൽ പത്തുവരെ രൂപ കൂടി. നൂറു ഗ്രാം പേസ്റ്റിന് 58 രൂപയിൽനിന്ന് 63 രൂപയായി. സോപ്പുകളുടെ അളവിലും വ്യത്യാസം വന്നുതുടങ്ങിയിട്ടുണ്ട്. നീളൻ ബാറുകൾ ചുരുങ്ങിത്തുടങ്ങി. മുൻപ് 10 രൂപയ്ക്ക് ലഭിച്ചിരുന്ന ബാർ സോപ്പിന് ഇപ്പോൾ പഴയ വലുപ്പമില്ല.

കാരണം വ്യക്തമാക്കാതെ കമ്പനികൾ

വിലക്കയറ്റത്തിനു പിന്നിലെ കാരണം കമ്പനികൾ വ്യക്തമാക്കുന്നില്ലെന്ന് വ്യപാരികൾ പറയുന്നു. മുൻപൊക്കെ കമ്പനി പ്രതിനിധികൾ മാസത്തിലൊരിക്കൽ കടകൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കുമായിരുന്നു. കോവിഡിനുശേഷം അവരെ കണ്ടിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു. ഏജന്റുമാർ മുഖേനയാണ് കച്ചവടം പുരോഗമിക്കുന്നത്.

5% ജി.എസ്.ടി. വന്നാൽ

അഞ്ചുശതമാനം ജി.എസ്.ടി. കൂടി ഏർപ്പെടുത്തിയാൽ ബുദ്ധിമുട്ടിലാകുന്നത് സൂപ്പർമാർക്കറ്റുകൾ നടത്തുന്നവരാണ്. ആളുകളുടെ സമയലാഭം കണക്കിലെടുത്താണു സാധാനങ്ങൾ മുൻകൂറായി തൂക്കി പാക്കറ്റിലാക്കി വെക്കുന്നത്. ഇതിന് ജി.എസ്.ടി. ഏർപ്പെടുത്തുമ്പോൾ പാക്ക് ചെയ്ത് വില ലേബൽ ചെയ്തുവെച്ചിരിക്കുന്ന സാധനങ്ങൾ വിൽക്കുമ്പോൾ വലിയ നഷ്ടമുണ്ടാകും. ബാർകോഡ് സെറ്റ് ചെയ്തുവെച്ചിരിക്കുന്നതിനാൽ ഇത് സിസ്റ്റത്തിലായിക്കഴിഞ്ഞതാണ്.

വിലയിട്ട സാധനങ്ങളിൽ തുക ഇനി കൂട്ടിവിൽക്കാനാവില്ല. അതേ വിലയ്ക്കുവിറ്റാൽ ഉടമയ്ക്ക് നഷ്ടവുമുണ്ടാക്കും. സാധനങ്ങൾ എച്ച്.എസ്.എൻ. (ഹാർമൊണൈസ്ഡ് സിസ്റ്റം നൊമെൻക്ലേച്ചർ) കോഡുപയോഗിച്ചാണ് നികുതി തരംതിരിക്കുന്നത്. നിലവിൽ ഇവയെല്ലാം സോഫ്റ്റ്‍വേറിൽ അപ്‌ലോഡ് ചെയ്തുകഴിഞ്ഞു. നികുതി ഏർപ്പെടുത്തുമ്പോൾ ഇതിലും വ്യത്യാസം വരാം. അപ്രതീക്ഷിതമായുള്ള മാറ്റം സോഫ്റ്റ്‌വേർ സംവിധാനത്തെയും താളംതെറ്റിക്കുമെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!